Trending Now

‘കൂടത്തായി സൈമണ്‍ ‘ 31ന് വിരമിക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാപോലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വല്‍ക്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഈ മാസം 31 ന് 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളാ പോലീസില്‍നിന്നും പടിയിറങ്ങുന്ന ജില്ലാപോലീസ് മേധാവി കെ.ജി സൈമണിന് ജില്ലാപോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പു ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

എല്ലാ മേഖകളിലും ആധുനിക വല്‍ക്കരണം കേരളാപോലീസില്‍ പ്രകടമായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി കേസ് അന്വേഷണത്തിലും പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കപ്പെടുകയാണ്. പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിക്ക് കയറിയ കെ.ജി സൈമണ്‍, കേസുകളുടെ അന്വേഷണത്തില്‍ സര്‍വിസിന്റെ തുടക്കം മുതല്‍ ഇതുവരെ കൗതുകവും ത്വരയും നിലനിര്‍ത്തി. അതിന്റെ തെളിവാണ് കൂടത്തായി കൂട്ടക്കൊല കേസുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചത്. സ്വയം ആര്‍ജിച്ചെടുത്ത കഴിവും പൊലീസിലെ പുത്തന്‍ സാങ്കേതികത്വവും സമന്വയിപ്പിച്ച് കേസ് അന്വേഷണരംഗത്തു തന്റെതായ പാത വീട്ടിത്തുറന്ന് ഒടുവില്‍ ‘കൂടത്തായി സൈമണ്‍ ‘ എന്ന വിളിപ്പേര് സാമ്പാദിച്ചു മുഴുവന്‍ സേനാംഗങ്ങള്‍ക്കും മാതൃകയായി മാറിയ ജില്ലാപോലീസ് മേധാവിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും എംഎല്‍എ പറഞ്ഞു.

അദ്ദേഹത്തിന്റെ അറിവുകളും കഴിവുകളും സേനയിലുള്ളവര്‍ പ്രയോജനപ്പെടുത്തണം. അത്തരത്തില്‍ കേസ് അന്വേഷണ വിജയങ്ങള്‍ കൈവരിക്കാന്‍ പോലീസുദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന സാഹചര്യം തുടര്‍ന്നും സൃഷ്ടിക്കപ്പെടും. കേരളാപോലീസിന് അദ്ദേഹത്തിന്റെ ജീവിതം പാഠമാകട്ടെയെന്നും എം എല്‍ എ ആശംസിച്ചു. ഇരുന്നൂറില്‍പരം ബഹുമതികള്‍ സ്വന്തമാക്കിയ കെ.ജി സൈമണ്‍ ജനങ്ങളെ സേവിക്കുന്നതില്‍ വേറിട്ട മാതൃക തന്നെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യസന്ധമായും നേര്‍വഴിക്കും ജോലിചെയ്യുകയും സാമ്പത്തികമോ മറ്റോ ആയ താല്പര്യങ്ങള്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു മുന്നേറുന്നവരെ ജനം അംഗീകരിക്കുമെന്നും അത്തരക്കാര്‍ക്ക് കേരളാപോലീസ് ജോലിചെയ്യാനുള്ള ഏറ്റവും നല്ല ഡിപ്പാര്‍ട്ട്്‌മെന്റാണെന്നും മറുപടിപ്രസംഗത്തില്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. എല്ലാകാലത്തെയും സര്‍ക്കാറുകള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനും, നല്‍കിയ സഹായങ്ങള്‍ക്കും വലിയ നന്ദിയുണ്ട്. തന്നില്‍ വന്നുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ ഒന്നുംതന്നെ താഴെത്തട്ടിലേക്കു കൈമാറാതെ കൈകാര്യം ചെയ്യുകയും ദൈവാധീനം വളരെയധികം തന്നിലേക്ക് എത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും അകമഴിഞ്ഞ് സ്‌നേഹവും സഹകരണവും നല്‍കുകയും ചെയ്തത് തന്റെ ഔദ്യോഗികജീവിതത്തില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ചതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

കേസ് അന്വേഷണത്തെ രസകരമായ അനുഭവമായിക്കണ്ടു ആസ്വദിക്കാന്‍ എല്ലാപോലീസുദ്യോഗസ്ഥര്‍ക്കും സാധിക്കണം. ഏറെ കഴിവുള്ളവരാണ് സിപിഒ വരെയുള്ള എല്ലാ പോലീസുദ്യോഗസ്ഥരും. കഴിവുകള്‍ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ കേസ് അന്വേഷണത്തില്‍ വന്‍ നേട്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങില്‍ ഷാനു സ്ടീഫന്‍ സംവിധാനം ചെയ്ത് ഒരുക്കിയ ജില്ലാപോലീസ് മേധാവിയെപ്പറ്റിയുള്ള ഡോക്യൂമെന്ററിയുടെ റിലീസിങ്ങും നടന്നു. കെ.ജി സൈമണിന്റെ സര്‍വീസ് ജീവിതവും വ്യക്തിജീവിതവും സ്പര്‍ശിച്ചു കടന്നുപോകുന്ന ഡോക്യൂമെന്ററിയില്‍, കൂടെ ജോലിചെയ്തവരുള്‍പ്പെടെയുള്ള പലരുടെയും അനുഭവിവരണവും ഉള്‍പെടുത്തിയിരിക്കുന്നു. ജില്ലാപോലീസിന്റെ ആദരവായാണ് ഡോക്യൂമെന്ററി അണിയിച്ചൊരുക്കിയത്.
ചടങ്ങില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി എന്‍ അനീഷ് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി ജി ജയചന്ദ്രന്‍ സ്വാഗതവും പോലീസ് അസോസിയേഷന്‍ ജില്ലാ ട്രഷറെര്‍ അന്‍സി നന്ദിയും പറഞ്ഞു. അഡിഷണല്‍ എസ്പി എ.യു സുനില്‍കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ള, പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, ഓഫീസര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.ന്യുമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പടിയിറങ്ങുന്ന ജില്ലാപോലീസ് മേധാവിക്ക്
ആദരവായി ഡോക്യൂമെന്ററി

നീണ്ടകാലത്തെ സേവനത്തിന് ശേഷം കേരളാ പോലീസിന്റെ പടിയിറങ്ങുന്ന ജില്ലാപോലീസ് മേധാവി കെ.ജി സൈമണിന് ജില്ലാപോലീസിന്റെ സ്‌നേഹത്തില്‍ ചാലിച്ച ആദരം. അദ്ദേഹത്തിന്റെ സര്‍വീസ് ജീവിതവും കുടുംബജീവിതവും സ്പര്‍ശിച്ചു കടന്നുപോകുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററി ജില്ലാപോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അണിയിച്ചൊരുക്കിയത്. ആശയവും സംവിധാനവും ഒട്ടേറെ ഹൃസ്വ ചിത്രങ്ങളൊരുക്കിയ ഷാനു സ്റ്റീഫന്‍ ആണ്. പോലീസ് കലാകാരന്മാര്‍ അഭിനയിച്ച കോവിഡ്മായി ബന്ധപ്പെട്ട ഷോര്‍ട് ഫിലിം ഉള്‍പ്പെടെ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയത് ഷാനു സ്റ്റീഫനാണ്. സാജു എം ജോസഫ് ആണ് ഡോക്യൂമെന്ററിയുടെ എഡിറ്റര്‍. അജയ് ആനന്ദ് ക്യാമറ കൈകാര്യം ചെയ്യുന്നു. ബാബു റഫീഖ് ആണ് അവതാരകന്‍. തനിക്ക് ഇത്തരമൊരു വ്യത്യസ്തമായ ആദരവ് സമ്മാനിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും, ഹൃദയത്തില്‍ എന്നും നന്ദിയോടെ സൂക്ഷിക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

error: Content is protected !!