Trending Now

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ തീരുമാനിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ സി പി എം ഏരിയ കമ്മറ്റി തീരുമാനിച്ചു . ജില്ലാ കമ്മറ്റി കൂടി അംഗീകാരം നല്‍കും .

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. ഊട്ടുപാറ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഈ സന്തോഷത്തിനു പുറമേ മറ്റൊരു ചുമതലകൂടി രേഷ്മയെ തേടിയെത്തിയിരിക്കുകയാണ്. യുഡിഎഫിൽ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു .സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ അറിയപ്പെടും. കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും വീണ്ടും ജയിച്ച സിന്ധുവിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറെ സാധ്യത ഉണ്ടായിരുന്നു എങ്കിലും ചില നേതാക്കള്‍ പബ്ലിസിറ്റിയുടെ പുറകെ പോയതിനാല്‍ രേഷ്മ മറിയം റോയിയെ പ്രസിഡന്‍റാക്കുവാന്‍ ജില്ലാ കമ്മറ്റിയില്‍ നിന്നു പോലും അനുമതി ലഭിച്ചു . കല്ലേലി തോട്ടം മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന ചില സഖാക്കള്‍ രേഷ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉള്ള വരവില്‍ അതൃപ്തരാണ് .

വളർന്നുവരുന്ന നേതാവെന്ന നിലയിലും, നേതൃപാടവം കണക്കിലെടുത്തുമാണ് രേഷ്മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്ന് സി.പി.എം. കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ പറഞ്ഞു .
കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം ഊട്ടുപാറ ബ്രാഞ്ച് അംഗവുമാണ്

error: Content is protected !!