അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി

 

അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവർണർ പറഞ്ഞു. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി. ഇതിന് പിന്നാലെയാണ് ​ഗവർണർ അനുമതി നൽകുന്നത്.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ​ഗവർ‌ണറുടെ അനുമതി തേടി. സംഭവത്തിൽ വിശദീകരണം ആരാഞ്ഞ ​ഗവർണർ അനുമതി നിഷേധിച്ച് ഫയൽ മടക്കി അയയ്ക്കുകയായിരുന്നു. പ്രത്യേക സഭ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തിര പ്രധാന്യം സര്‍ക്കാരിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ​ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭരണഭക്ഷവും പ്രതിപക്ഷവും ​ഗവർണറെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.