* 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിക്കും
* 4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കമാകും
ആദ്യഘട്ട നൂറുദിന പരിപാടികളുടെ പൂർത്തീകരണത്തെത്തുടർന്ന് രണ്ടാംഘട്ട നൂറുദിന കർമ പരിപാടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും.
ഡിസംബർ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങൾക്കുള്ള കർമ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒന്നാം 100 ദിന പരിപാടിയിൽ 122 പ്രോജക്ടുകൾ പൂർത്തീകരിച്ചു. 100 ദിന പരിപാടിയിൽ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകൾ ഉൾപ്പെടുത്തി. സെപ്തംബർ 2020 മുതൽ ഡിസംബർ 9 വരെയാണ് ഒന്നാംഘട്ട നൂറുദിന പരിപാടി നടപ്പാക്കിയത്.
രണ്ടാംഘട്ട 100 ദിന പരിപാടി ഒന്നാംഘട്ടത്തിന്റെ തുടർച്ചയാണ്. അതുകൊണ്ട് ഒന്നാംഘട്ട 100 ദിന പരിപാടിയുടെ അനുഭവങ്ങൾ കൂടി ഉൾക്കൊണ്ട് രണ്ടാംഘട്ട പരിപാടി കൂടുതൽ ക്രിയാത്മകമാക്കാനുള്ള ഇടപെടൽ സർക്കാർ നടത്തും.
രണ്ടാം ഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബശ്രീ സ്റ്റാർട്ട് അപ്പ് വില്ലേജ് എൻറർപ്രണർഷിപ്പ് പ്രോഗ്രാമിൽ 15000 സംരംഭങ്ങൾക്കു തുടക്കമാകും.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കൻ ഔട്ട്ലറ്റുകൾ, പുതിയ ജനകീയ ഹോട്ടലുകൾ, കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ, ഹോം ഷോപ്പികൾ എന്നിവിടങ്ങളിൽ 2500 പേർക്കാണ് തൊഴിൽ നൽകുക.
കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയിലെ വായ്പകളിലൂടെ 10,000 പേർക്ക് തൊഴിൽ നൽകും. ആകെ അരലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന്റെ വിശദാംശങ്ങൾ പ്രത്യേകം അറിയിക്കും.
2021 ജനുവരി ഒന്നുമുതൽ നാടിന് നവവത്സര സമ്മാനമായി ക്ഷേമപെൻഷനുകൾ 100 രൂപ വീതം വർദ്ധിപ്പിച്ച് 1500 രൂപയായി ഉയർത്തും.
847 കുടുംബശ്രീ ഭക്ഷണശാലകൾ ആരംഭിച്ചു കഴിഞ്ഞു. 153 എണ്ണവും കൂടി ആരംഭിക്കും.
കൊറോണക്കാലമായിട്ടും ഉത്സവകാലഘട്ടങ്ങളിൽ വില ഉയർന്നുവെന്ന പരാതി ഉണ്ടായിട്ടില്ല. കേരളീയന്റെ പ്രധാന ആഹാര സാധനമായ അരിയുടെ വില കുറയുകയാണുണ്ടായത്. എല്ലാ സാമ്പത്തിക പരാധീനതകൾക്കിടയിലും റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകൾ അടുത്ത നാല് മാസവും കൂടി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി നൽകും. 80 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്കാണ് ഇതിന്റെ ഭാഗമായുള്ള സമാശ്വാസം ലഭിക്കുക.
20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായും അഞ്ചെണ്ണം സൂപ്പർ സ്റ്റോറുകളായും ഉയർത്തും. ജിപിഎസ് സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും നടപ്പാക്കും.
പ്രതിരോധ പാർക്ക്, പാലക്കാട് (131 കോടി രൂപ) അടക്കം ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് 31ന് മുമ്പ് നടത്തും.
മലബാർ കോഫിയുടെ നിർമാണത്തിനുള്ള എസ്പിവിക്ക് രൂപം നൽകും. അതിന്റെ അടിസ്ഥാനത്തിൽ മലബാർ കോഫി പൗഡർ വിപണിയിലിറക്കും.
അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാർക്കറ്റു വില വരുന്ന അഞ്ച് ഇനം മരുന്നുകൾ ഗുണമേൻമ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയിൽ ഉൽപ്പാദനം ആരംഭിക്കും.
വെർച്വൽ കയർ മേള ഫെബ്രുവരിയിൽ നടത്തും. കൊവിഡിനുശേഷം രാജ്യത്ത് നടക്കുന്ന അപൂർവം വാണിജ്യമേളകളിലൊന്നായിരിക്കും ഇത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി ക്രെഡിറ്റേഴ്സുമായുള്ള ബാധ്യത തീർത്ത് 146 കോടി രൂപ മുടക്കി കേരള സർക്കാർ ഏറ്റെടുക്കും.
ടൂറിസം വകുപ്പ് കോവിഡനന്തര കാലത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള മാർക്കറ്റിങ്ങിലാണ് ഊന്നുന്നത്. 310 കോടി രൂപ ചെലവു വരുന്ന 27 ടൂറിസം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
വൻകിട പദ്ധതികൾ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കാനായി. ഗെയിൽ പൈപ്പ് ലൈൻ കൊച്ചി-മംഗലാപുരം റീച്ച് ജനുവരി മാസത്തിലും കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരി മാസത്തിലും നടക്കും. ഇതുപോലെ തന്നെയാണ് റായ്പ്പൂർ-പുഗലൂർ-മാടക്കത്തറ ലൈൻ. ജനുവരിയിൽ ഈ പദ്ധതിയുടെയും ഉദ്ഘാടനം നടക്കും.
കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണം ഡിജിറ്റൽ കേരള എന്ന സ്വപ്നം സാക്ഷാൽകരിക്കുന്നതിന് ഒരു നിർണ്ണായക കാൽവയ്പ്പായിരിക്കും. ഇതിന്റെ ഭാഗമായുള്ള സംസ്ഥാനതല കൺട്രോൾ റൂം, 14 ജില്ലാതല കേന്ദ്രങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവർക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ബിപിഎൽ കുടുംബങ്ങളിലേയ്ക്കും 30,000 സർക്കാർ ഓഫീസുകളിലേയ്ക്കും കെ-ഫോൺ ഏതാനും മാസങ്ങൾക്കുള്ളിൽ എത്തിക്കാൻ ഇതിലൂടെ കഴിയും.
ദേശീയ ജലപാതയുടെ കോവളം മുതൽ ചാവക്കാട് വരെയുള്ള റീച്ചിന്റെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും ഫെബ്രുവരിയിൽ നടക്കും.
എറണാകുളം ബൈപ്പാസിന് 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂർ, വെറ്റില മേൽപ്പാലങ്ങൾ തുറന്നുകൊടുക്കും. നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം 387.18 കോടി രൂപ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ ബൈപ്പാസ് തുറക്കും.
കാഞ്ഞങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെയും വട്ടോളി പാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.
അകത്തേത്തറ, ചിറയിൻകീഴ്, മാളിയേക്കൽ, ഗുരുവായൂർ, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, താനൂർ-തെയ്യാല, ചേലാരി ചെട്ടിപ്പടി, കൊടുവള്ളി എന്നിങ്ങനെ 252 കോടി രൂപ ചെലവു വരുന്ന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ആരംഭിക്കും. 569 കോടി രൂപ ചെലവുവരുന്ന 17 പ്രധാന റോഡുകൾ ഉദ്ഘാടനം ചെയ്യും. റീ-ബിൽഡ് കേരളയുടെ ഭാഗമായി 1613 കോടി രൂപ ചെലവിൽ നിർമിക്കുന്ന പതിനാല് റോഡുകളുടെ പണി തുടങ്ങും. ഉയർന്ന നിലവാരത്തിൽ നവീകരണം നടത്തിയ 18 റോഡുകൾ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ കെഎസ്ആർടിസി ഗ്യാരേജിന്റെ പണികൾ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനവും ഇക്കാലയളവിൽ നടത്തും.
75 പുതിയ കറ്റാമരൻ പാസഞ്ചർ ബോട്ടുകൾ ജനുവരിയിൽ നീറ്റിലിറക്കും. 3 വാട്ടർ ടാക്സികളും സോളാർ, വൈദ്യുതി ബോട്ടുകളും സർവീസ് ആരംഭിക്കും.
കെഎസ്ആർടിസിയുടെ അനുബന്ധ കോർപ്പറേഷനായി കെഎസ്ആർടിസി സ്വിഫ്റ്റ് നിലവിൽ വരും. ഈ സംവിധാനത്തിന്റെ കീഴിലാണ് കിഫ്ബി മുഖേന വാങ്ങുന്ന ആധുനിക ബസുകൾ സർവീസ് നടത്തുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം നടക്കും.
ടെക്നോസിറ്റിയിൽ ഒരുലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടം പൂർത്തിയാകും. ഇൻറഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും.
വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ 6 കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കും.
496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികൾ മാർച്ച് 31നകം തുടങ്ങും.
ഒന്നര ലക്ഷത്തിലേറെ പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. 10000 പട്ടയങ്ങൾ കൂടി 100 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും. 16 വില്ലേജ് ഓഫീസുകൾകൂടി സ്മാർട്ടാക്കും.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ൽ നിന്ന് 10ൽ താഴെയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെയും മറ്റും പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യവും കൂടുതൽ ജാഗ്രതയോടെ ഏകോപിപ്പിക്കും. കോവിഡ് ചികിത്സ സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ തുടർച്ച എന്ന നിലയിൽ കോവിഡ് വാക്സിൻ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി നൽകും.
പുതിയതായി 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ/കമ്യൂണിറ്റി/ പബ്ലിക് ഹെൽത്ത് സെൻററുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കും. 53 ജനറൽ/ ജില്ല/ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികളിൽ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക് തുടങ്ങിയ കൂടുതൽ ചികിത്സ/പരിശോധനാ സൗകര്യങ്ങളും രോഗിസൗഹൃദ സംവിധാനങ്ങളും നിലവിൽ വരും.
25 കോടി രൂപ ചെലവിൽ നിർമിച്ച 50 സ്‌കൂളുകളുടെയും മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച 30 സ്‌കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും. മൂന്നു കോടി രൂപയും ഒരു കോടി രൂപയും മുതൽമുടക്കി നിർമ്മിക്കുന്ന 300 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.
ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്താൻ നടപടികളുണ്ടാവും. മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജ്, കേരള വർമ്മ കോളേജ് തുടങ്ങി 13 കോളേജുകളിലും എംജി യൂണിവേഴ്സിറ്റി കാമ്പസിലുമായി കിഫ്ബി വഴിയുള്ള 205 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. എ പി ജെ അബ്ദുൾകലാം സർവ്വകലാശാല കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും.
കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്റെ ആദ്യഘട്ടം, എന്നിവയുടെ നിർമ്മാണം ആരംഭിക്കും. കാസർഗോഡ് സുബ്രഹ്‌മണ്യം തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാം ഘട്ട നിർമ്മാണം 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കും. ഗോവിന്ദ പൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം 9 സാംസ്‌കാരിക കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും.
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ പെരളശ്ശേരി എ കെ ജി മ്യൂസിയം, ചന്തപ്പുരയിലെ തെയ്യം മ്യൂസിയം, രാജാരവി വർമ്മ ആർട്ട് ഗ്യാലറി കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നടക്കും.
185 കോടി രൂപ മുതൽ മുടക്കിൽ ഒമ്പതു പുതിയ സ്റ്റേഡിയങ്ങൾക്ക് ശിലാസ്ഥാപനം നടത്തും.
182 കോടി രൂപയുടെ അമൃത് സ്‌കീമിൽപ്പെട്ട 24 പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടും. 189 കോടി രൂപയുടെ ചെലവു വരുന്ന മറ്റു 37 നഗരവികസന പദ്ധതികൾക്കും തുടക്കമാകും.
100 കേന്ദ്രങ്ങളിൽ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മാണം ആരംഭിക്കുകയോ നിലവിൽ വരികയോ ചെയ്യും. 250 പഞ്ചായത്തുകൾകൂടി ശുചിത്വ പദവിയിലേയ്ക്ക് ഉയരുന്നതോടെ 80 ശതമാനം ഗ്രാമപ്രദേശവും ശുചിത്വ മാനദണ്ഡങ്ങളിലേയ്ക്ക് എത്തിച്ചേരും.
സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലായി 190 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പരിപാടിയിൽപ്പെടുന്ന 1620 പ്രവൃത്തികൾ (3598 കി.മീ) ജനുവരി 31നകം പൂർത്തിയാകും. രണ്ടാംഘട്ടത്തിൽപ്പെട്ട 1627 പ്രവൃത്തികൾ (3785 കി.മീ) ഫെബ്രുവരി 28നകം പൂർത്തിയാക്കും. മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ട 1625 പ്രവൃത്തികൾ (4421 കിമീ) മാർച്ച് 31നകം പൂർത്തിയാക്കും.
ലൈഫ് പദ്ധതി പ്രകാരം പുതിയ 15,000 വീടുകൾകൂടി മാർച്ച് 31നകം പൂർത്തീകരിക്കുകയും 35,000 ഭവനങ്ങളുടെ നിർമ്മാണം തുടങ്ങുകയും ചെയ്യും. ഭൂമിയും വീടും ഇല്ലാത്തവർക്ക് വീട് വയ്ക്കുന്നതിനായി 101 ഭവന സമുച്ചയങ്ങളാണ് ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ഇതിൽ 5 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കും.
കഴിഞ്ഞ നാലു വർഷത്തിനിടെ 41,578 കിലോമീറ്റർ നീർച്ചാലുകളും 390 കിലോമീറ്റർ പുഴയും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് ഇത് 50,000 കിലോമീറ്ററായി വർദ്ധിക്കും.
അയ്യൻകാളി നഗര തൊഴിലുറപ്പ് പരിപാടിയിൽ മാർച്ച് 31നകം 8 ലക്ഷം തൊഴിൽ ദിനങ്ങൾകൂടി സൃഷ്ടിക്കും.
കെഎസ്എഫ്ഇയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ലാപ്ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരമുണ്ടാകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ 500 കയർ ആൻറ് ക്രാഫ്റ്റ് സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും.
ആറ് പ്രധാന കിഫ്ബി ജലവിതരണ പദ്ധതികൾ രണ്ടാം 100 ദിന പരിപാടിയിൽ ഉദ്ഘാടനം ചെയ്യും. തോട്ടം തൊഴിലാളികൾക്കുള്ള പ്രത്യേക ഭവന പദ്ധതിയിൽ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ വീടുകളുടെ ശിലാസ്ഥാപനവും കുളത്തുപ്പുഴ പ്ലാൻറേഷൻ തൊഴിലാളികളുടെ വീടുകളുടെ താക്കോൽദാനവും നടത്തും.
മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ തൊഴിൽ പദ്ധതിക്കും തുടക്കം കുറിക്കും. മേനംകുളത്ത് സ്ത്രീ തൊഴിലാളികൾക്കായുള്ള അപ്പാർട്ട്മെൻറിന്റെ ശിലാസ്ഥാപനം നടത്തും.
ചെല്ലാനം, താനൂർ, വെള്ളിയിൽ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ കമ്മീഷനിങ് നടക്കും. ചെത്തി മത്സ്യബന്ധന തുറമുഖ നിർമ്മാണത്തിനു തറക്കല്ലിടും. തലായി മത്സ്യബന്ധന തുറമുഖത്തോട് അനുബന്ധിച്ചുള്ള തീരസംരക്ഷണം, നീണ്ടകര തുറമുഖത്തിൽ ഡ്രഡ്ജിങ്, തങ്കശ്ശേരി മത്സ്യബന്ധന തുറമുഖ നവീകരണം എന്നിവയും ഈ സമയത്ത് നിർമ്മാണോദ്ഘാടനം നിർവഹിക്കും.
60 കോടി രൂപ മുതൽമുടക്കിൽ 9 തീരദേശ ജില്ലകളിൽ പൂർത്തിയാകുന്ന 87 തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പുനർഗേഹം പദ്ധതിയിൽ കാരോട്, ബീമാപ്പള്ളി, വലിയതുറ, കൊല്ലം ക്യുഎസ്എസ് കോളനി, പൊന്നാനി ഫ്ളാറ്റ്, ആലപ്പുഴ പുറക്കാട്, കോഴിക്കോട് വെസ്റ്റ് എന്നിവിടങ്ങളിലായി 774 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകൾ/വീടുകൾ ഉദ്ഘാടനം ചെയ്യും. അപേക്ഷ നൽകിയിട്ടുള്ള മറ്റുള്ളവർക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഇൻഷുറൻസ് പദ്ധതിയ്ക്കു തുടക്കം കുറിക്കും. രണ്ട് മറൈൻ ആംബുലൻസുകൾ പ്രവർത്തനക്ഷമമാക്കും.
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കായി 3000 പഠനമുറികൾ പൂർത്തിയാക്കും. 1620 പേർക്ക് ഭൂമി വാങ്ങാനായി ധനസഹായം നൽകും. 2000 പേർക്ക് പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വഴി 2000 പേർക്ക് സ്വയംതൊഴിൽ വായ്പ നൽകും.
3500 പേർക്ക് വനാവകാശ രേഖയും 2500 പേർക്ക് നിക്ഷിപ്ത വനഭൂമിയിലുള്ള അവകാശവും 300 പേർക്ക് ലാൻറ് ബാങ്ക് പദ്ധതി പ്രകാരവും കൃഷി ഭൂമിയും ലഭ്യമാക്കും. 4800 പട്ടികവർഗ വീടുകൾകൂടി പൂർത്തീകരിക്കും.
തിരിച്ചെത്തിയ പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്കായുള്ള നിർദ്ദേശം സർക്കാർ ക്ഷണിച്ചിരുന്നു. ഇതിൽ നടപ്പാക്കാനാകുന്ന പ്രോജക്ടുകൾ ജനുവരി, 2021ൽ പ്രഖ്യാപിക്കും.
തിരുവനന്തപുരം സൈബർ ഡോം കെട്ടിടം, ക്രൈംബ്രാഞ്ച് കോംപ്ലക്സ്, മൂന്നാം ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് സെൻറർ, വിവിധ ജില്ലകളിലെ ഡിസ്ട്രിക്റ്റ് കമാൻഡൻറ് കൺട്രോൾ സെൻററുകൾ, ആലുവ പൊലീസ് സ്റ്റേഷൻ കെട്ടിടം, കൊച്ചിയിലെ സ്മാർട്ട് പൊലീസ് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം നടക്കും.
സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഇൻറഗ്രേറ്റഡ് വിമൻ സെക്യൂരിറ്റി ആപ്പ് പുറത്തിറക്കും. തനിച്ചു താമസിക്കുന്ന മുതിർന്ന പൗരൻമാർക്കുള്ള വി-കെയർ പദ്ധതി ആരംഭിക്കും.
നൂറുദിന പരിപാടികളുടെ പൂർണ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണവും പൂർത്തിയാക്കി. ബാക്കിയുള്ളവ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുകയാണ്.
പ്രകടനപത്രികയിൽ ഉൾപ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.