ദേശീയ കർഷകദിനാചരണവും ഹരിതാശ്രമം ശിലാഫലകസ്ഥാപനവും നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ കർഷക ദിനത്തോടനുബന്ധിച്ച്‌ തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോസഫി പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിൽ കർഷകരെ ആദരിക്കൽ ചടങ്ങും എക്കോസഫി കമ്യൂണിന്റെ ശിലാ ഫലകസ്ഥാപനവും നടന്നു.
ഹരിതാശ്രമം എക്കോസഫി കമ്യൂൺ ഡയറക്റ്റർ ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ  കൃഷി ഓഫീസറും പന്തളം സർക്കാർ ഫാം ഡയറക്റ്ററുമായ എം എസ്‌ വിമൽകുമാർ കർഷകരെ ആദരിച്ചു. ഹരിതാശ്രമം ശിലാഫലക സ്ഥാപനം ശിൽപിയും പുരാവസ്തു ഗവേഷകനുമായ ശിലാ സന്തോഷ്‌ നിർവ്വഹിച്ചു.

മന്നത്ത്‌ പത്മനാഭൻ എൻ എസ്‌ എസ്‌ കരയോഗപ്രസ്ഥാനത്തിനു തുടക്കമിട്ട തട്ടയിലെ പുരാതന കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണു ഹരിതാശ്രമം എക്കോസഫി സെന്ററായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്‌. എക്കോ- ഫിലോസഫറും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിയാണു ഹരിതാശ്രമം എക്കോ കമ്യൂണിന്റെ സ്ഥാപകൻ.
മണ്ണു മര്യാദ, പ്രകൃത്യോപാസന, സഹജീവി സ്നേഹം , ജലസാക്ഷരത എന്നിവയിലൂന്നിയ അവബോധം പകരലാണു ഹരിതാശ്രമത്തിന്റെ ലക്ഷ്യം. അന്നം ബ്രഹ്മം എന്ന ഉപനിഷത്‌ വചനത്തിന്റെ അടിസ്ഥാനത്തിൽ കാർഷികവൃത്തിയെ ധ്യാനവും പ്രാർത്ഥനയുമായി കാണുന്ന സന്യാസസമൂഹമാണു എക്കോസഫി കമ്യൂൺ.

എൺപതാം വയസ്സിലും ഓഷധസസ്യകൃഷി നടത്തുന്ന ഉണ്ണി ശാമുവല്‍ , കർഷകത്തൊഴിലാളി പ്രതിനിധികളും മികച്ച വെറ്റക്കൊടി കർഷകരുമായ അച്യുതൻ , രാമചന്ദ്രൻ, മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള കാഞ്ഞിരത്തിനാൽ പുരുഷോത്തമൻ പിള്ള, കടക്നാഥ്‌ കരിങ്കോഴി കർഷകൻ ശ്രീ റജി തോമസ്‌, പ്രവാസി കർഷകൻ ശ്രീ മുരളി പണിക്കരേത്ത്‌, നാടൻ പച്ചക്കറി കർഷക രേഖ എസ്‌ നായർ, നാടൻ കോഴി കർഷകൻ അനിൽ തെങ്ങമം എന്നിവരെയാണു യോഗം ആദരിച്ചത്‌.ആദരിക്കപ്പെട്ടവർ മറുപടി പ്രസംഗവും നടത്തി.
മണ്ണിനെയും മരങ്ങളെയും പ്രണയിച്ച കവയിത്രി സുഗതകുമാരി ടീച്ചറുടെ  ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  ശ്യാം ഏനാത്ത്‌ സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി കവിത ചൊല്ലി. ശിവാനി സ്വാഗതവും കാർത്തിക നന്ദിയും പറഞ്ഞു