Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികില്‍സയ്ക്ക് തീരുമാനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിലെ  ഒ.പി. പ്രവർത്തനം വിലയിരുത്താനും, തുടർ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്    ആലോചിക്കുന്നതിനുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.ഒ.പി. പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായും, സ്പെഷ്യാലിറ്റി ഒ.പിയിലടക്കം രോഗികളുടെ എണ്ണം വർദ്ധിച്ചതായും യോഗം വിലയിരുത്തി.

തിങ്കൾ മുതൽ ശനിവരെയുള്ള എല്ലാ ദിവസങ്ങളിലും ജനറൽ, ഫിസിഷ്യൻ എന്നീ ഒ.പി ക ൾ പ്രവർത്തിക്കുന്നുണ്ട്. ഇ.എൻ.ടി, പീഡിയാട്രിക്സ്, ഓർത്തോ, സർജറി, കമ്മ്യൂണിറ്റി മെഡിസിൻ, ഒഫ്ത്താൽമോളജി, സൈക്യാട്രി എന്നീ ഒ.പി.വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഒ.പി. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും, ത്വക് രോഗവിഭാഗം ഉൾപ്പടെ ഉടൻ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

കിടത്തി ചികിത്സ മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കണമെന്നും യോഗം തീരുമാനിച്ചു.കാഷ്വാലിറ്റി, ഐ.സി.യു, ഓപ്പറേഷൻ തീയറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെയാണ് കിടത്തി ചികിത്സ ആരംഭിക്കേണ്ടത്.ഇതിനാവശ്യമായ പ്രവർത്തനങ്ങൾ സൂപ്രണ്ടിനെയും, പ്രിൻസിപ്പാളിൻ്റെയും നേതൃത്വത്തിൽ ആരംഭിക്കണമെന്നും, യോഗം തീരുമാനിച്ചു.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 241 കോടി അനുവദിച്ചിട്ടുണ്ട്.നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.നിർമ്മാണം നടത്തേണ്ട സ്ഥലത്ത് വലിയ തോതിൽ പാറ പൊട്ടിച്ച് കൂട്ടിയിട്ടുണ്ട്.ഇത് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ബഡ്ജറ്റിൽ ലഭ്യമായ 5 കോടി രൂപ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഉപയോഗിക്കുന്നതിനും തീരുമാനമായി.ഇതിനായി നടപടി സ്വീകരിക്കാൻ പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തി.
ഹൈടെൻഷൻ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കെ.എസ്.ഇ.ബി യിൽ ഇടപെട്ട് ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായി.ആശുപത്രി വികസന സമിതി രൂപീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.

അൾട്രാസൗണ്ട് സ്കാനർ, എക്സ് റേ മെഷീൻ, ഓട്ടോമാറ്റിക്ക് അനലൈസർ എന്നിവ ഉടൻ തന്നെ സ്ഥാപിക്കുമെന്ന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് യോഗത്തെ അറിയിച്ചു.എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഇവ ലഭ്യമാക്കുന്നത്.
എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, എൻ.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, എഞ്ചിനീയർ രോഹിത്ത്, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രൊജക്ട് മാനേജർ അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!