പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് രാജിവച്ചു. ഇനി സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ അവഗണനയും മാനസിക പീഡനവുമാണ് രാജി വയ്ക്കാന്‍ കാരണം.ഈ പാര്‍ട്ടിയുടെ അപചയം ഞെട്ടിക്കുന്നതാണെന്നും രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയാ സംഘമായി പാര്‍ട്ടി അധഃപതിച്ചെന്നും അവര്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിന്‍റെ പള്ളിക്കല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു സുധ.
മഹിളാ കോൺഗ്രസ് പ്രവർത്തകയായിട്ടാണ് റിട്ട.അധ്യാപികയായ സുധാക്കുറുപ്പ് പൊതുരംഗത്തേക്ക് വരുന്നത്. പള്ളിക്കൽ വനിതാ സഹകരണ സംഘം പ്രസിഡന്റ്, മഹിളാ കോൺ. അടൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച് ജില്ലാപഞ്ചായത്തംഗം ആയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ. നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് വനിതാ ഫോറം ജില്ലാ പ്രസിഡൻ്റ്, ജയ് ഹിന്ദ് പൗരാവകാശ സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു
നാല്‍പത് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നെന്നും ഇതുവരെ സ്ഥാനമാനങ്ങള്‍ക്ക് ആര്‍ത്തി കാണിച്ചിട്ടില്ലെന്നും സുധ കുറുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ പലഘട്ടങ്ങളിലും പാര്‍ടി തന്നെ ബലിയാടാക്കി. 2005ല്‍ ഏനാത്ത് ഡിവിഷനില്‍ മത്സരിച്ചപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ദുഷ്പ്രചാരണം നടത്തി തന്നെ തോല്‍പിച്ചു. നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തവണയും മത്സരത്തിനിറങ്ങി. പക്ഷേ തന്റെ പോസ്റ്റര്‍ ഏറ്റുവാങ്ങാന്‍ പോലും നേതാക്കളില്‍ പലരും തയ്യാറായില്ല. അവര്‍ക്ക് പോസ്റ്ററല്ല, പണമായിരുന്നു ആവശ്യം. ഒടുവില്‍ കൂലിക്ക് ആളെ വച്ച് പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നു.
സ്വീകരണ യോഗങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് സംസാരിക്കാന്‍ ഒരു മിനിറ്റ് പോലും സമയം നല്‍കിയില്ല. വനിതാ പ്രവര്‍ത്തകര്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങള്‍ ഒരിക്കല്‍ പോലും സാന്നിധ്യമറിയിച്ചില്ല.