തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ബുധനാഴ്ച (ഡിസംബര്‍ 16) സ്ഥാനാര്‍ഥികളും എജന്റുമാരും അറിയേണ്ട കാര്യങ്ങള്‍
1) ഇവിഎം മെഷീന്‍ സ്‌ട്രോംഗ് റൂമില്‍ നിന്നെടുക്കുമ്പോള്‍ സീലിംഗ് പൊട്ടിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക
2) ഇവിഎം മെഷീനിന്റെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന സീരിയല്‍ നമ്പര്‍, അഡ്രസ് ടാഗ്, പോളിംഗ് ബൂത്തിന്റെ പേര്്, വാര്‍ഡ്, പഞ്ചായത്ത്് എന്നിവ സ്ഥാനാര്‍ഥി / ഏജന്റുമാരുടെ കൈവശമുള്ള 24 എ ഫാറത്തിലുള്ള സീരിയല്‍ നമ്പര്‍, പോളിംഗ് ബൂത്തിന്റെ പേര്്, വാര്‍ഡ്, പഞ്ചായത്ത്്, വോട്ടുകളുടെ എണ്ണം എന്നിവയുമായി സാമ്യമുണ്ടോയെന്ന് ഉറപ്പാക്കുക.
3) ഇവിഎം മെഷീന്‍ ഓണ്‍ ചെയ്യുമ്പോള്‍ ഡിസ്‌പ്ലേ ശ്രദ്ധിക്കുക.
4) പോസ്റ്റല്‍ ബാലറ്റ് / സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എന്നിവയില്‍ കൃത്യമായ രീതിയിലാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പ് വരുത്തുക.
5) പോസ്റ്റല്‍ ബാലറ്റ് / സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എന്നിവയില്‍ സീരിയല്‍ നമ്പര്‍, സ്വീകര്‍ത്താവിന്റെ പദവി, ഒപ്പ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.
6) പോസ്റ്റല്‍ ബാലറ്റ് / സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് എന്നിവയില്‍ സമ്മതിദായകരുടെ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകളോടെ വോട്ടെണ്ണല്‍
കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകളോടെയാണ് തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രക്രിയ നടത്തുക. വോട്ടെണ്ണല്‍ ദിനത്തിന് തലേദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറയും മാസ്‌കും ധരിച്ചിരിക്കണം. സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റ്, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുകയും സാനിന്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. ടേബിളുകളും സീറ്റുകളും സാമൂഹിക അകലം പാലിച്ചാകും ക്രമീകരിക്കുക.
പത്തനംതിട്ട ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
നഗരസഭാ തലത്തില്‍ :-
അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പന്തളം നഗരസഭ – പന്തളം എന്‍.എസ്.എസ് കോളജ്.
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ :-
മല്ലപ്പള്ളി ബ്ലോക്ക് – ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
പുളിക്കീഴ് ബ്ലോക്ക് – കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
കോയിപ്രം ബ്ലോക്ക് – അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം- പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂള്‍.
ഇലന്തൂര്‍ ബ്ലോക്ക് – ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം- കോഴഞ്ചേരി സെന്റ് തോമസ് കോളജ്.
റാന്നി ബ്ലോക്ക് – റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ- റാന്നി പെരുമ്പുഴ എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
കോന്നി ബ്ലോക്ക് – കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
പന്തളം ബ്ലോക്ക് – പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി- പന്തളം എന്‍.എസ്.എസ് കോളജ്.
പറക്കോട് ബ്ലോക്ക് – ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍- അടൂര്‍ കേരള യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റര്‍.
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സജ്ജീകരണങ്ങള്‍
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേകം കൗണ്ടിംഗ് ഹാളും സജ്ജീകരിക്കും. പരമാവധി എട്ട് പോളിഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന ക്രമത്തില്‍ ടേബിളുകള്‍ സജ്ജീകരിക്കും. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും വോട്ടെണ്ണല്‍ ഒരു ടേബിളിള്‍ തന്നെ ക്രമീകരിക്കും. ഓരോ സ്ഥാപനത്തിന്റെയും ആകെ പോളിംഗ് സ്റ്റേഷനുകള്‍ക്ക് ആനുപാതികമായി ടേബിള്‍ സജ്ജീകരിക്കും.
കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍നിന്നു കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.
ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും
രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. സാമൂഹിക അകലം പാലിച്ചാണ് മുഴുവന്‍ സീറ്റുകളും ക്രമീകരിക്കുക.
ആദ്യം പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങും
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് ആദ്യം എണ്ണുക. കോവിഡ് പശ്ചാത്തലത്തില്‍ രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വേണ്ടി നല്‍കിയ സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പടെയുള്ള പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. അതത് പ്രദേശങ്ങളിലെ വരണാധികാരികളാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. കൗണ്ടിംഗ് ദിവസമായ ഡിസംബര്‍ 16ന് രാവിലെ 8 ന് ശേഷം ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റല്‍, സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റലുകള്‍ ജില്ലാവരണാധികാരിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ എണ്ണും.
ഏതൊക്കെ സാഹചര്യത്തില്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നിരാകരിക്കാം?
പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നിരാകരിക്കാനുള്ള കാരണങ്ങള്‍ :-
വോട്ടറെ തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലുള്ള ഏതെങ്കിലും അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറില്‍ ഉണ്ടെങ്കില്‍, വോട്ട് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍, ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തിയാല്‍, ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തിട്ടുള്ളതെന്ന് സംശയമുണ്ടാക്കുന്ന രീതിയില്‍ വോട്ട് രേഖപ്പെടുത്തിയാല്‍, ബാലറ്റ് പേപ്പര്‍ വ്യാജമാണെങ്കില്‍, യഥാര്‍ഥ ബാലറ്റാണോ എന്ന് സ്ഥാപിക്കാന്‍ കഴിയാത്തവിധം ബാലറ്റ് പേപ്പര്‍ കേടുപാട് വന്നതോ, വികൃതമാക്കപ്പെട്ടതോ ആണെങ്കില്‍, വോട്ടര്‍ക്ക് നല്‍കിയ കവറില്‍ അല്ലാതെ തിരിച്ച് അയച്ചാല്‍, വോട്ട് രേഖപ്പെടുത്തിയ അടയാളം ഏത് സ്ഥാനാര്‍ഥിക്കാണെന്ന് സംശയം തോന്നുംവിധം ആണെങ്കില്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നിരാകരിക്കാം.