സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ജവാനിലാണ് പ്ലാസ്മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.
ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി കണ്ടിരുന്നത് . സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നത്.
കേരളത്തില്‍ അപൂര്‍വമാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിക്ക് കാരണമായി കണ്ടുവരുന്നത്.
എന്താണ് മലമ്പനി?
ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി. ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിയ്ക്ക് കാരണമാകുന്നത്. അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്. വെവാക്സ്, മലേറിയേ, ഓവേല്‍, ഫാല്‍സിപ്പാറം, നോവേല്സി എന്നിങ്ങനെ അഞ്ച് തരം മലമ്പനികളാണുള്ളത്.
രോഗ ലക്ഷണങ്ങള്‍
രോഗാരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണ് മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടര്‍ന്നു പനിയും പ്രത്യക്ഷപ്പെടും. പിന്നീട് രോഗി നന്നായി വിയര്‍ക്കുമ്പോള്‍ ശരീരതാപം താഴുന്നു. നിശ്ചിത ഇടവേളയിലാണ് പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഈ പനിക്കിടയില്‍ രോഗിക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും കാണുകയുമില്ല. പരിശോധനയില്‍ കരളിനും പ്ലീഹയ്ക്കും വീക്കം, വിളര്‍ച്ച എന്നിവയുണ്ടാകും. എന്നാല്‍ ഫാല്‍സിപ്പാറം മൂലമുള്ള മലേറിയയില്‍ മേല്‍പറഞ്ഞ കൃത്യമായ ഇടവേള കാണുകയില്ല. രക്ത സ്മിയര്‍ പരിശോധന, ആര്‍ഡിടി എന്നീ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.
ചികിത്സ
എല്ലാ വിഭാഗത്തില്‍പ്പെട്ട മലമ്പനി രോഗങ്ങള്‍ക്കും അംഗീകൃത മാര്‍ഗരേഖ പ്രകാരമുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. അതിനാല്‍ മുന്‍കൂട്ടി കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായി ഭേദമാക്കാനും, മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാനും സാധിക്കും