Trending Now

തദ്ദേശ പൊതു തെരഞ്ഞെടുപ്പിനെ ‘കണ്‍ട്രോളി’ലാക്കി കണ്‍ട്രോള്‍ റൂം

 

തദ്ദേശ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിച്ചും നിരീക്ഷിച്ചും കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ 14 കൗണ്ടറുകളിലായി അന്‍പതില്‍പരം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് പുരോഗതി തത്സമയം നിരീക്ഷിച്ചത്. പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിച്ചിരുന്നു.

മോക്‌പോള്‍ തുടങ്ങിയ സമയം, ഓരോ മണിക്കൂറിലേയും പോളിംഗ് ശതമാനം തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ ഏഴു പേര് അടങ്ങുന്ന ഒരു ടീമാണ് ഉണ്ടായിരുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹാരം കാണാന്‍ വേണ്ടിയും ആരംഭിച്ച സെക്ടറല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ടായിരുന്നു.

ഇതിനു പുറമെ ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേഷന്‍ ഡെസ്‌ക്, വെബ് കാസ്റ്റിംഗ് ഡെസ്‌ക്, നെറ്റ് വര്‍ക്കിംഗ് ഡെസ്‌ക്ക്, ഇവിഎം ടീം, പോലീസ്, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി ടീം, കെഎസ്ഇബി, ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസ് ടീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ടീം, ബ്ലോക്ക്തലത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന ബ്ലോക്ക്തല സൂപ്പര്‍വൈസിംഗ് ടീം തുടങ്ങിയവരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചത്.

കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാകാത്ത വിവരങ്ങളും, വോട്ടിംഗ് ശതമാനവും സെക്ടറല്‍ ഓഫീസറന്മാരെ ഫോണില്‍ വിളിച്ച് എടുക്കുന്നതിനുള്ള സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നു. എഡിഎം അലക്‌സ് പി.തോമസിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു കണ്‍ട്രോള്‍ റൂമിന്റെ ഓവറോള്‍ സൂപ്പര്‍വൈസിംഗ് നിര്‍വഹിച്ചത്.

വെബ്കാസ്റ്റിംഗ് സംവിധാനം പൂര്‍ണ്ണ വിജയം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സുഗമവും സുതാര്യവുമായി നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലേക്ക് ജില്ലാകലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ച വെബ്കാസ്റ്റിംങ് സംവിധാനം പൂര്‍ണ്ണ വിജയവും ഫലപ്രദവുമായി. ജില്ലയിലെ അഞ്ചു ബൂത്തുകളാണ് പ്രശ്‌നബാധിതമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ ബൂത്തുകളില്‍ ആളുകള്‍ വോട്ടുചെയ്യാനെത്തുന്നതു മുതല്‍ വോട്ട് ചെയ്തതിനുശേഷം തിരിച്ചിറങ്ങുന്നതുള്‍പ്പെടെയുള്ള തല്‍സമയദൃശ്യങ്ങള്‍ ജില്ലാകലക്ടര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കലകടറേറ്റില്‍ നിന്നും നിരീക്ഷിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സാധിച്ചു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പഴകുളം ഗവ.എല്‍.പി,എസ്, പന്തളം നഗരസഭയിലെ കടയ്ക്കാട് ഗവ.എല്‍.പി.എസ്, പത്തനംതിട്ട നഗരസഭയിലെ ആനപ്പാറ ഗവ.എല്‍.പി.എസ്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ കെ.ആര്‍.പി.എം.എച്ച്.എസ്.എസ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് ഗവ.എല്‍.വി.എല്‍.പി.എസ് എന്നീ ബൂത്തുകളിലാണ് വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തിയത്.

കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ഐ.ടി.മിഷന്റെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളാണ് വെബ്കാസ്റ്റിംഗിന് ആവശ്യമായ സാങ്കേതിക സഹായം ഒരുക്കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍മാരായ ജിജി ജോര്‍ജ്, ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസന്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വെബ്കാസ്റ്റിംഗ് സാങ്കേതികസഹായം ക്രമീകരിച്ചത്.

error: Content is protected !!