Trending Now

ചിറ്റാർ ചതുരക്കള്ളി പാറയുടെ വശ്യസൗന്ദര്യവും, കാരികയം കുട്ടി വനവും

 

ചിറ്റാറിന്‍റെ പ്രകൃതി സൗന്ദര്യത്തിലേക്ക് മിഴി തുറക്കുന്ന വലിയൊരു ടൂറിസം പദ്ധതി സമീപ ഭാവിയില്‍ ഇവിടെ ഉണ്ടാകും . പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ രൂപരേഖയാണ് ഉള്ളത് .

വനം വകുപ്പിന്‍റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റില്‍ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്.

 

കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, ആങ്ങമൂഴി കുട്ടവഞ്ചി, ഗവി, തേക്കടി തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ ചിറ്റാര്‍ ടൂറിസം പദ്ധതിയേയും കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധമാണ് രൂപരേഖ .
വടശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാരിക്കയം വനം. ചിറ്റാര്‍- വടശേരിക്കര റോഡിനോടു ചേര്‍ന്ന് കിടക്കുന്ന വനത്തിനു നൂറ് ഹെക്ടറോളം വിസ്തൃതിയുണ്ട്. ചെറു മൃഗങ്ങളും അപൂര്‍വയിനം പക്ഷികളും ചിത്ര ശലഭങ്ങളുമാണ് ഈ വനത്തിലുള്ളത്.

വനത്തിനോട് ചേര്‍ന്ന് തന്നെയാണ് ഐതീഹ്യപ്പെരുമയുള്ളതും വിസ്തൃതമായ ഗുഹയും അടങ്ങിയ ചതുരക്കള്ളി പാറ. ചതുരക്കള്ളി പാറയുടെ ഒരു ഭാഗത്ത് കക്കാട്ടാറാണ്. പാറയില്‍ നിന്നാല്‍ സൂര്യാസ്തമയവും കാണാം.

പക്ഷി നിരീക്ഷണം, കുട്ടികളുടെ പാര്‍ക്ക്, ശലഭോദ്യാനം, ഔഷധ പാര്‍ക്ക്, കക്കാട്ടാറ്റില്‍ കുട്ടവഞ്ചി സവാരി- ബോട്ടിങ്, ഇക്കോ ഷോപ്പുകള്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.സമീപ ഭാവിയില്‍ പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചു വലിയൊരു ടൂറിസം സാധ്യതയാണ് മുന്നില്‍ ഉള്ളത് . കൊക്കാത്തോട് കാട്ടാത്തി പാറയെ കൂടി ഈ പദ്ധതിയില്‍ ബന്ധിച്ചാല്‍ ഗുണകരണമാകും .

പത്തനംതിട്ട ജില്ലയില്‍ നിരവധി പൈതൃക ഗ്രാമങ്ങള്‍ ഉണ്ട് .അവയെ കൂടി ക്രോഡീകരിച്ചാല്‍ പദ്ധതി വലിയ വിജയമാകും . പരിസ്ഥിതിയ്ക്ക് അനുകൂലമാകുന്ന നിലയില്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ ജില്ലയില്‍ വലിയ നേട്ടം ഉണ്ടാകും .

error: Content is protected !!