കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് (ഡിസംബര്‍ 8 ചൊവ്വ) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും .
കോവിഡ് സാഹചര്യത്തില്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിനാണ് വോട്ടെടുപ്പ് ഇത്തവണ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്.ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. മുന്‍പാലിറ്റിയില്‍ ഒരു വോട്ടിംഗ് മെഷീനാണുണ്ടാകുക.
വോട്ടര്‍മാര്‍ ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്ക്, കൈയ്യുറ എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഇടയ്ക്കിടക്ക് ഉപയോഗിക്കുകയും ചെയ്യും. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍മാര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം.
വോട്ടര്‍മാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക്ക് മാറ്റണം. ഉദ്യോഗസ്ഥര്‍ നല്‍കുന്ന രജിസ്റ്ററില്‍ വോട്ടര്‍മാര്‍ ഒപ്പ്, വിരലടയാളം പതിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വിരലില്‍ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാന്‍ മഷി പുരട്ടും. ബൂത്തിനകത്ത് ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനമുള്ളൂ.
പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ പുരോഗതി പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും. വോട്ടെടുപ്പ് വേളയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാറ് മൂലമോ തടസങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനുശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ എത്തിക്കും.
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും
വോട്ടര്‍മാരും പാലിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍
വോട്ടെടുപ്പ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും വേണം. പോളിംഗ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.
ഒബ്‌സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ഫോണ്‍ പോളിംഗ് ബൂത്തിനകത്ത് കൊണ്ടുപോകാന്‍ അനുവാദമില്ല. പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതയോ ഇത്തരം സൗകര്യം ഒരുക്കുന്നതു കുറ്റകരമാണ്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധനയും
മെഡിക്കല്‍ സംവിധാനവും ഒരുക്കി ആരോഗ്യവകുപ്പ്
തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലെയും എട്ട് ബ്ലോക്കുകളിലെയും വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധനയും മെഡിക്കല്‍ സംവിധാനവും ഒരുക്കി ആരോഗ്യ വകുപ്പ്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്‌ക്രീനിംഗ് നടത്തി രോഗലക്ഷണമുള്ളവരെ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി.
മെഡിക്കല്‍ സര്‍വലൈന്‍സിന്റെ ഒരു ടീമില്‍ രണ്ട് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കോവിഡ് പരിശോധനയ്ക്കായുള്ള ഒരു ടീമില്‍ ഒരു നഴ്‌സും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടറും ഉള്‍പ്പെടുന്നു. 12 കേന്ദ്രങ്ങളിലായി വോട്ടെടുപ്പിന് തലേദിവസവും വോട്ടെടുപ്പ് ദിവസവും മെഡിക്കല്‍ ടീമുകളുടെ സേവനം ഉണ്ടാകും. ഫസ്റ്റ് എയ്ഡ് സൗകര്യവും മെഡിക്കല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 16നും മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരും വോട്ടര്‍മാരും കോവിഡ് പ്രോട്ടോക്കോളും
ഹരിത ചട്ടവും പാലിക്കണം: ജില്ലാ കളക്ടര്‍
പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് കുശലാന്വേഷണവുമായി എത്തിയത്. എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സമാധാനപരമായ തെരഞ്ഞെടുപ്പിനോടൊപ്പംതന്നെ ഉദ്യോഗസ്ഥരുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണെന്ന് കളക്ടര്‍ ഓര്‍മിപ്പിച്ചു. സുരക്ഷിതമായ തെരഞ്ഞെടുപ്പായി ഈ തദ്ദേശ തെരഞ്ഞെടുപ്പ് മാറണമെന്നും ഹരിത ചട്ടം പാലിച്ചാകണം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.
കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലാണ് കളക്ടര്‍ ആദ്യം എത്തിയത്. പോളിംഗ് സാധനങ്ങളുടെ വിതരണം വിലയിരുത്തിയ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെത്തിയ കളക്ടര്‍ അവിടെയുള്ള ക്രമീകരണങ്ങളും വിലയിരുത്തി. അര മണിക്കൂറോളം ഉദ്യോഗസ്ഥര്‍ക്കൊപ്പം ചിലവഴിച്ച കളക്ടര്‍ എല്ലാവര്‍ക്കും ആശംസയറിയിച്ചാണ് മടങ്ങിയത്.
ജില്ലയില്‍ അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകളില്‍
ഇലക്ഷന്‍ വെബ് കാസ്റ്റിംഗ്; ട്രയല്‍ റണ്‍ നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പ് സുഗമവും സുതാര്യവുമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് ട്രയല്‍ റണ്‍ കളക്ടറേറ്റില്‍ നടന്നു. വോട്ട് ചെയ്യാന്‍ എത്തുന്ന ആള്‍ ബൂത്തിനുളളില്‍ പ്രവേശിക്കുന്നതും വോട്ട് ചെയ്തതിനു ശേഷം തിരിച്ചിറങ്ങുന്നതും ഉള്‍പ്പെടെയുളള ദൃശ്യങ്ങള്‍ ജില്ലാ വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും തത്സമയ സംപ്രേക്ഷണത്തിലൂടെ കാണാന്‍ സാധിക്കും.
പളളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പഴകുളം ഗവ. എല്‍.പി.എസ്, പന്തളം നഗരസഭയിലെ കടയ്ക്കാട് ഗവ. എല്‍.പി.എസ്, പത്തനംതിട്ട നഗരസഭയിലെ ആനപ്പാറ ഗവ. എല്‍.പി.എസ്, സീതത്തോട് ഗ്രാമപഞ്ചായത്തിലെ കെ.ആര്‍.പി.എം. എച്ച്.എസ്.എസ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോകുന്ന് ഗവ.എല്‍.വി.എല്‍.പി.എസ് എന്നീ ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് നടത്തുന്നത്. കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ഐടി മിഷന്റെ കീഴിലുളള അക്ഷയകേന്ദ്രങ്ങളാണ് വെബ്കാസ്റ്റിംഗിന് ആവശ്യമായ സാങ്കേതിക സഹായം ഒരുക്കുന്നത്.