
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പുണ്യ ദര്‍ശനം
കോവിഡ്: ആശങ്ക വേണ്ട, ജാഗ്രത ശക്തമാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ശബരിമല : ശബരിമലയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, ജാഗ്രത ശക്തമാക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ പറഞ്ഞു.
പ്രതീക്ഷിച്ചതിലും കുറവ് കോവിഡ് കേസുകളാണ് കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഡിഎംഒ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡി എംഒ.
ശബരിമലയില്‍ തുടര്‍ച്ചയായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ പതിനാല് ദിവസം കൂടുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്നും തീര്‍ഥാടകരുമായി കൂടുതല്‍ സമ്പര്‍ക്കം വരുന്ന ഉദ്യോഗസ്ഥരും പണം കൈകാര്യം ചെയ്യുന്നവരും വളരെ ശ്രദ്ധയോടെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി.
സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സത്വര നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു. ഭക്തര്‍ സ്പര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിശ്ചിത സമയം ഇടവിട്ട് അണുനശീകരണം നടത്തുന്നുണ്ട്.
തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന ആരംഭിക്കും. ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാ വകുപ്പുകളും വളരെ നല്ല രീതിയിലാണ് കോവിഡിനെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പോലീസ് സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലും തുടര്‍ നടപടികളും കൈക്കൊണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.
ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. മനോജ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.വി. സുധീഷ് വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.