തദ്ദേശ തെരഞ്ഞെടുപ്പ്: മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച് ഉത്തരവായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിന്മേലും മാധ്യമ സംബന്ധിയായ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച് ജില്ലാകളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് ഉത്തരവായി.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കുന്നത്ത്, ജില്ലാ ലോ ഓഫീസര്‍ ജെ. മധു, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാണ്. കളക്ടറേറ്റിലെ കെ വിഭാഗം ജൂനിയര്‍ സൂപ്രണ്ടും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായ മുഹമ്മദ് ഷാഫി, സീനിയര്‍ ക്ലര്‍ക്കുമാരായ ബി. സുരേഷ് കുമാര്‍, റിനി റോസ് തോമസ് എന്നിവരാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമാണ് സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാര്‍ശകളിന്മേല്‍ ഉചിതമായ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതിയുടെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമായി നിര്‍വഹിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

1. ഒരു നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ യാതൊരാളും നിയോജകമണ്ഡലങ്ങളില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ നടത്തുകയോ അല്ലെങ്കില്‍ അതില്‍ സന്നിഹിതനാകുകയോ ചെയ്യാന്‍ പാടില്ലെന്ന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ 122-ാം വകുപ്പിലും കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ 146-ാം വകുപ്പിലും അനുശാസിച്ചിട്ടുണ്ട്.

2. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ, ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951- ലെ ജനാധിപത്യ നിയമത്തിലെ 126 -ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ഇത് ബാധകമാണ്.
3. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ, പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യപനവും മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശ്വയംഭരണ തെരഞ്ഞെടുപ്പിനും ബാധകമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്.

4. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്കായി ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടിവി ചാനലുകള്‍ക്ക് വേണ്ടി രൂപീകൃതമായിട്ടുള്ള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള മാഗനിര്‍ദേശങ്ങള്‍ പാലിക്കണം.
5. പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അച്ചടി മാധ്യമങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധം ചെയ്തിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനും ബാധകമാണ്.
6. തെരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ (ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി) നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണം.

7. തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധം ചെയ്തിട്ടുള്ള മാധ്യമ പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിന്‍മേലും അല്ലെങ്കില്‍ മറ്റേതെങ്കിലും മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചിട്ടുണ്ട്.