തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുമുള്ള പരാമര്‍ശത്തോടെയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എസ് എച്ച് ഒ മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകപ്രചാരണത്തിന് ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനെ ചുമതലപ്പെടുത്തി.
ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ 66, 66(സി), 67, 67(എ), കൂടാതെ 120(ഒ) കേരള പോലീസ് ആക്ട് പ്രകാരവും, ഇന്ത്യന്‍ പോലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ പൊതുജനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷന്‍ മുഖാന്തിരം ബോധവത്കരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.