ശബരിമലയില്‍ വിപുലമായ സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഒരുക്കിയിരിക്കുന്നത് വിപുലമായ സുരക്ഷാ, സേവന സംവിധാനം. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ കേന്ദ്രമാക്കി 125 ജീവനക്കാരെയും അഗ്നിരക്ഷാ ഉപകരണങ്ങളും ഫയര്‍ഫോഴ്‌സ് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം, തീപിടുത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാം. ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും സജ്ജമാണെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ്. സൂരജ് പറഞ്ഞു.

മണ്ഡലകാലത്ത് ഡ്യൂട്ടി മാറിവരുന്ന ജീവനക്കാര്‍ക്ക് അതതു വകുപ്പുകളുമായി ചേര്‍ന്ന് ബോധവല്‍ക്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്‍തൂക്കമാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്നത്. ക്ലോറിനേറ്റ് ചെയ്ത ജലം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ വലിയ നടപ്പന്തലും സന്നിധാനവും കഴുകി ശുചീകരിക്കുന്നുണ്ട്.

സാമൂഹിക അകലം, മാസ്‌ക്കിന്റെ ഉപയോഗം എന്നിവ സംബന്ധിച്ചും ബോധവത്കരണം നല്‍കുന്നു. ഫയര്‍ഫോഴ്‌സിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നിധാനം സ്‌പെഷ്യല്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്. ഗോപകുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി വിവിധ വകുപ്പുകളുമായി യോജിച്ചാണ് ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം അഗ്‌നി സുരക്ഷാ ബോധവല്‍ക്കരണവും നടത്തി വരുന്നു.

ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം സന്നിധാനത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം ആവശ്യമുള്ളവര്‍ 101 എന്ന നമ്പരിലോ, 04735-202033 എന്ന നമ്പരിലോ ബന്ധപ്പെടണം.