കൊറോണ മഹാമാരി അധ്യയന വർഷം ഒന്നാകെ അവധിയാക്കി മാറ്റിയപ്പോൾ സ്വന്തം സ്കൂളിന്‍റെ മാതൃക നിർമ്മിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥി. പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കന്‍ററി സ്കൂളിന്‍റെ മാതൃകയാണ് +2 സയൻസ് വിദ്യാർത്ഥി അർജുൻ .സി . തയാറാക്കിയത്.
സ്കൂളിനെ മനസിൽ സങ്കൽപ്പിച്ച് 2 മാസയെടുത്ത്4 അടി നീളവും 3 അടി വീതിയുമുള്ള ഈ മോഡലിന് രൂപം നൽകുകയായിരുന്നു.3500 രൂപ ചെലവിട്ട് ഫോം ഷീറ്റിൽ ആണ് മോഡൽ ചെയ്തിരിക്കുന്നത്. ഹൈസ്കൂളും ഹയർ സെക്കൻ്ററിയും ഓഡിറ്റോറിയവും സ്കൂളിന്‍റെ കമാനവും ഉൾപ്പടെ മനസിൽ ചിന്തിച്ച് മോഡൽ നിർമ്മിച്ചത് അല്പം പ്രയാസകരമായിരുന്നുവെന്ന് അർജുൻ പറഞ്ഞു.
അവധിക്കാലത്ത് മോഡലിംഗ് ചെയ്യാനാഗ്രഹിച്ചപ്പോൾ ആദ്യം അത് സ്വന്തം സ്കൂൾ ആകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഈ വിദ്യാർത്ഥി പറഞ്ഞു. മോഡൽ നിർമ്മിച്ച അർജുന് ഇനിയും കലാരംഗത്ത് ഉയർന്നു വരാനാകട്ടെ എന്ന് മാനേജർ ബി രവീന്ദ്രൻ പിള്ള ആശംസിച്ചു. ഇതിന് പ്രചോദനം നൽകുന്നതിനായി ക്യാഷ് അവാർഡും അദ്ദേഹം സമ്മാനിച്ചു . ഈ കൊച്ചു മിടുക്കന്‍റെ കലാസൃഷ്ടി സ്കൂളിൽ സൂക്ഷിക്കാനാണ് തീരുമാനമെന്ന് പ്രിൻസിപ്പാൾ ആർ.ദിലീപ് പറഞ്ഞു .