Trending Now

തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ഔഷധ കുടിവെള്ള വിതരണം

ശബരിമല വാര്‍ത്തകള്‍ : പുണ്യ ദര്‍ശനം 

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം 

ശബരിമലയില്‍ ദര്‍ശനത്തിനായി മലകയറുന്ന തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഔഷധ കുടിവെള്ളം ( ചുക്കുവെള്ളം) വിതരണം നടത്തുന്നു. പമ്പ, ചരല്‍മേട്, ജ്യോതിനഗര്‍, മാളികപ്പുറം എന്നിവിടങ്ങളിലാണ് ഔഷധ കുടിവെള്ളം തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യുന്നത്. കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പേപ്പര്‍ ഡിസ്പോസിബിള്‍ ഗ്ലാസിലാണ് ഔഷധ കുടിവെള്ളം നല്‍കുന്നത്. ഉപയോഗിച്ച പേപ്പര്‍ ഡിസ്പോസിബിള്‍ ഗ്ലാസ് പ്രത്യേക ശേഖരണിയിലാക്കി സംസ്‌ക്കരിക്കുന്നു.

പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തീര്‍ഥാടകര്‍ 200 രൂപ ഡിപ്പോസിറ്റ് നല്‍കിയാല്‍ ഔഷധ കുടിവെള്ളം ശേഖരിക്കുന്നതിനായി സ്റ്റീല്‍ കുപ്പി നല്‍കും. ദര്‍ശനം കഴിഞ്ഞ് തിരിച്ച് സ്റ്റീല്‍ കുപ്പി പമ്പയിലെ കൗണ്ടറില്‍ തിരിച്ച് നല്‍കുമ്പോള്‍ ഡിപ്പോസിറ്റായി വാങ്ങുന്ന 200 രൂപ മടക്കി നല്‍കും. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് ചൂടാക്കിയാണ് ഔഷധ കുടിവെള്ളം തയാറാക്കുന്നത്. വിതരണ കേന്ദ്രങ്ങളില്‍ തന്നെയാണ് ഔഷധ കുടിവെള്ളം തയാറാക്കുന്നത്.

ഔഷധ കുടിവെള്ള കേന്ദ്രങ്ങളില്‍ വിതരണം നടത്തുന്നവര്‍ മാസ്‌ക്ക്, മുഖഷീല്‍ഡ്, കൈയുറ എന്നിവ ധരിച്ചിട്ടുണ്ട്. നാല് ഔഷധ കുടിവെള്ള കേന്ദ്രങ്ങളില്‍ ഒരു ഷിഫ്റ്റില്‍ മൂന്നു മുതല്‍ നാല് ജീവനക്കാരാണ് സേവനത്തിലുള്ളത്. ആകെ 55 താല്‍ക്കാലിക ജീവനക്കാരാണ് ഔഷധ കുടിവെള്ള വിതരണ വിഭാഗത്തിലുള്ളത്. ഔഷധ കുടിവെള്ളത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ചുമതല ധനു. എസ് കൃഷ്ണനാണ്.

അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല്‍ നല്‍കി ഗോശാല

പുലര്‍ച്ചെ രണ്ടുമണിയോടെ ശബരിമല സന്നിധാനത്തെ ഗോശാലയും ആനന്ദ് സാമന്തും ഉണരും. അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള പാല്‍ കറക്കാന്‍. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാല്‍ കറക്കല്‍. ശേഷം എട്ടരയോടെ പശുക്കളെ മേയ്ക്കുവാന്‍ ഉരല്‍ക്കുഴി ഭാഗത്തേക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെ തിരിച്ച് ഗോശാലയില്‍. വന്നാലുടന്‍ ഗോശാലയേയും പശുക്കളേയും ശുചിയാക്കും. രണ്ടു മണിക്ക് വീണ്ടും അഭിഷേകത്തിനുള്ള പാല്‍ കറക്കല്‍. ഇതാണ് ആനന്ദ് സാമന്തിന്റെ ദിനചര്യ. അഭിഷേകപ്രിയനായ അയ്യപ്പന് സമര്‍പ്പിക്കുന്നതിന് ഇഷ്ടദ്രവ്യമായ പാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ആനന്ദ് സാമന്താണ്. ബംഗാള്‍ സ്വദേശിയായ ആനന്ദ് സാമന്താണ് സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരന്‍.
കന്നുകാലികളെക്കൊണ്ട് സമൃദ്ധമാണ് ശബരിമല സന്നിധാനത്തെ ഗോശാല. സന്നിധാനത്തു നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പാല്‍ ലഭിക്കുന്നത് ഈ ഗോശാലയില്‍ നിന്നാണ്. കിടാവുകള്‍ ഉള്‍പ്പെടെ 24 കാലികളാണ് ഇവിടെയുള്ളത്. മൂന്നു പശുക്കള്‍ക്കാണ് കറവയുള്ളത്. പശുക്കള്‍ക്കുള്ള വൈക്കോലും പുല്ലും എല്ലാം യഥേഷ്ടമാണിവിടെ. കൂടാതെ പശുക്കള്‍ക്ക് ചൂട് അടിക്കാതിരിക്കാന്‍ ഫാനുകളും വെളിച്ചം പകരാന്‍ ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാള്‍ ഉത്തര്‍ഗോപാല്‍ നഗര്‍ സ്വദേശിയാണ് ആനന്ദ് സാമന്ത്. ഭാര്യയും, രണ്ടു കുട്ടികളും, മാതാവും അടങ്ങുന്നതാണ് ആനന്ദിന്റെ കുടുംബം. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് അവസാനമായി ബംഗാളിലെ വീട്ടിലേക്ക് പോയത്. കോവിഡ് മഹാമാരി വന്നതിനാല്‍ വീട്ടിലേക്കുള്ള അടുത്ത യാത്ര മകരവിളക്ക് തീര്‍ഥാടനത്തിനു ശേഷമേ ചിന്തിക്കുന്നുള്ളു എന്നാണ് ആനന്ദിന്റെ പക്ഷം. സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപമാണ് ഗോശാല സ്ഥിതിചെയ്യുന്നത്.