കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം അന്തി ചന്തയ്ക്ക് സമീപം ഉള്ള സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി (St. Mary’s Jacobite Syrian church) ഒരു വിഭാഗം പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ ഉപരോധം തീര്‍ത്തു .
കോന്നി വി. കോട്ടയം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിശ്വാസികള്‍ ഇന്ന് പുലര്‍ച്ചയോടെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് യാക്കോബായ സഭാ പ്രതിനിധികളുമായി കോന്നി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി .
സഭാ തര്‍ക്കം നില നില്‍ക്കുന്ന സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ സുരക്ഷ ഒരുക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.പിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധം തുടങ്ങിയത് . ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളില്‍ ആരാധനക്കെത്തുമെന്ന് സൂചന ലഭിച്ചതോടെ ഇന്നലെ രാത്രി മുതല്‍ ഇവിടെ വിശ്വാസികളും പോലീസും കാവല്‍ ഉണ്ടായിരുന്നു . പുലര്‍ച്ചെ ആരംഭിച്ച പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തു എത്തി .
കോന്നി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സഭാ പ്രതിനിധികളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും വിശ്വാസികള്‍ പിരിഞ്ഞ് പോകാന്‍ തയാറായിട്ടില്ല. അതേസമയം, ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നോട്ടിസും നല്‍കിയിട്ടില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന 1064 പള്ളികളിലൊന്നാണ് വള്ളിക്കോട് കോട്ടയത്തെ സെന്റ് മേരീസ് ഇടവകയും. 1097 ല്‍ ആരാധന ആരംഭിച്ച പള്ളിയില്‍ നിലവില്‍ യാക്കോബായ വിഭാഗത്തിനാണ് ഭൂരിപക്ഷമുള്ളത് .