Trending Now

ഫ്‌ളക്‌സ് പാടില്ല : ചുവരെഴുത്തും തുണി ബാനറും തിരിച്ചെത്തുന്നു; പ്ലാസ്റ്റിക്കിന് വോട്ടില്ല

പ്രകൃതി സൗഹൃദമാക്കണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പിവിസി നിര്‍മിത വസ്തുക്കളും എല്ലാവിധ നിരോധിത വസ്തുക്കളും ഒഴിവാക്കണം. തെര്‍മോകോള്‍, പ്ലാസ്റ്റിക് പ്രചാരണ സാമഗ്രികള്‍ അനുവദനീയമല്ല. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് സ്‌ക്വാഡും നടപടി സ്വീകരിക്കും.
– പി.ബി.നൂഹ്, ജില്ലാ കളക്ടര്‍

കോന്നി വാര്‍ത്ത : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഫ്‌ളക്‌സ് പുറത്ത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വസ്തുക്കളും ഫ്‌ളക്‌സും ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു.

ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകണം പ്രചാരണമെന്ന് ഹൈക്കോടതിയുടേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനവുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പറ്റാതായതോടെ പ്രചാരണ രീതികള്‍ പഴയകാലത്തേക്ക് മടങ്ങുകയാണ്. പലയിടത്തും ചുവരെഴുത്തുകളും തുണി ബാനറുകളും നിറഞ്ഞു കഴിഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഫ്‌ളക്‌സും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായി നിരോധിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തുണികളില്‍ ബാനര്‍ പ്രിന്റ് ചെയ്യുന്നവര്‍ക്കും ചുവരെഴുത്തുകാര്‍ക്കും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ഗുണകരമാണ്. പരമ്പരാഗത രീതിയില്‍ എഴുതിയുള്ള തുണി ബാനറിനും ആവശ്യക്കാരെറെയാണ്.
വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന വസ്തുക്കളും മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയും നീക്കംചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കണം. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ പ്രത്യേകം ശേഖരിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ സാമഗ്രികള്‍ അഞ്ച് ദിവസങ്ങള്‍ക്കകം നീക്കംചെയ്യണം. ഇല്ലെങ്കില്‍ നീക്കം ചെയ്യുന്ന ചെലവ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍ നിന്നും ഈടാക്കാവുന്നതാണ്.

ഉപയോഗിക്കരുത്
പ്രചാരണത്തിനും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ഫ്‌ളക്‌സ്, പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് റിബണുകള്‍, പ്ലാസ്റ്റിക് നൂലുകള്‍.
പ്ലാസ്റ്റിക്, പിവിസി തുടങ്ങിയവ കൊണ്ട് നിര്‍മിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, തെര്‍മോകോള്‍, സ്റ്റീറോഫോം വസ്തുക്കള്‍.

ഉപയോഗിക്കാവുന്നവ
പരിസ്ഥിതി സൗഹാര്‍ദവും മണ്ണിലലിഞ്ഞു ചേരുന്നതും പുനചംക്രമണം ചെയ്യാന്‍ കഴിയുന്നവയുമായ വസ്തുക്കള്‍.
കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ നിര്‍മിത വസ്തുക്കള്‍.

നിയമലംഘനം നടത്തിയാല്‍
നിയമം ലംഘിച്ച് നിരോധിത വസ്തുക്കളുപയോഗിച്ച് പ്രിന്റിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും 10000, 25000, 50000 രൂപ വീതം പിഴ ഈടാക്കുകയും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

ഹരിത ചട്ടം ഉറപ്പാക്കാന്‍ ശുചിത്വമിഷന്‍
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം ഉറപ്പാക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും നടത്തും. ഇതിനായി ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെ ഹരിതചട്ട പാലനത്തിലുള്ള ജില്ലാ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തും.

 

error: Content is protected !!