Trending Now

രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഫയര്‍ഫോഴ്സ്

അരുണ്‍ രാജ് @ശബരിമല  /കോന്നി വാര്‍ത്ത ഡോട്ട് കോം 

രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി ഫയര്‍ഫോഴ്സ്

അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളും, അവ ഉപയോഗിക്കുന്ന രീതിയുടെ പരിചയപ്പെടുത്തലും ബോധവത്കരണ ക്ലാസും ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മരാമത്ത് ജീവനക്കാര്‍ എന്നിവര്‍ക്കായാണ് പരിചയപ്പെടുത്തലും, ബോധവത്കരണ ക്ലാസും നടത്തിയത്.

സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്. ഗോപകുമാര്‍ ക്ലാസ് നയിച്ചു. മരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍ ജി. മനോജ് കുമാര്‍, ദേവസ്വം ബോര്‍ഡ് ഫെസ്റ്റിവെല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ മൃദുല്‍ മുരളീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു .

ശബരിമലയില്‍ മികച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍

മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മല കയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇതില്‍ പ്രധാനം. വലിയ നടപ്പന്തലിനു മുന്‍പായി ഒഴുകുന്ന വെള്ളത്തില്‍ പാദം കഴുകി വൃത്തിയാക്കാന്‍ സാധിക്കും. കാല്‍ കഴുകി അടുത്തത് വരുന്നത് സെന്‍സറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറിന്റെ അടുത്തേക്കാണ്. അവിടെ കൈശുചിയാക്കിയ ശേഷം പ്രവേശിക്കുന്നത് വീണ്ടും കാല്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസര്‍ കൊണ്ട് നിറച്ച ചവിട്ടിയിലേക്കാണ്. ചവിട്ടിയിലൂടെ കടന്നാല്‍ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാനാവൂ.
കോവിഡ് 19 കാലയളവില്‍ നഗ്നപാദരായി വരുന്ന ഭക്തജനങ്ങളുടെ കാല്‍ ശുചിയാക്കല്‍ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പതിനെട്ടാം പടിക്ക് മുന്‍പിലും ഹാന്‍ഡ് സാനിറ്റൈസറും, കാല്‍ ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 40 സ്ഥലങ്ങളില്‍ പെഡസ്ട്രിയല്‍ ടൈപ്പ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെയ്ത്തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒണ്‍ലിഗേറ്റ്, എക്സിക്യൂട്ടീവ് ഓഫീസിനു മുന്‍വശം, എന്നിവിടങ്ങളില്‍ സെന്‍സറുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും മാസ്‌കും, ഗ്ലൗസും നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ തീര്‍ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് മാസ്‌കും, ഗ്ലൗസും കൂടാതെ ഫേസ് ഷീല്‍ഡും നല്‍കിയിട്ടുണ്ട്. ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കുന്നുണ്ട്. ടാപ്പ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവിടങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യും. ഇതിനാവശ്യമായ തൊഴിലാളികളേയും സൂപ്പര്‍വൈസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.

ഉപയോഗിച്ച മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്, സില്‍വര്‍ നൈട്രേറ്റ് സൊലുഷ്യന്‍ ഉപയോഗിച്ച് ദിവസവും രാത്രി ഫോഗ് ചെയ്ത് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുമുറ്റം, ലോവര്‍ തിരുമുറ്റം, പതിനെട്ടാം പടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം- അരവണ കൗണ്ടര്‍, വലിയനടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കുന്നതിന് മാര്‍ക്കിംഗ്

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സന്നിധാനത്ത് മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി. വലിയ നടപ്പന്തല്‍, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദം കൗണ്ടറുകള്‍, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാര്‍ക്കിംഗ് ചെയ്തിട്ടുള്ളത്. വലിയ നടപ്പന്തലില്‍ മാത്രം 351 മാര്‍ക്കുകളാണ് ചെയ്തിട്ടുള്ളത്. കോവിഡ് മാനദണ്ഡപ്രകാരമുള്ള അകലം പാലിച്ചാണ് മാര്‍ക്കിംഗ് നടത്തിയിട്ടുള്ളത്.

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ഥാടനം. തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.

പമ്പയില്‍ ഭക്തര്‍ക്ക് സ്നാനത്തിന് ഷവര്‍ സംവിധാനം

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്നാനത്തിന് പമ്പ ത്രിവേണിയില്‍ പ്രത്യേക ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയാറ്റിലെ സ്‌നാനം നിരോധിച്ചതിന് പകരമായിട്ടാണ് താത്കാലിക ഷവര്‍ സംവിധാനം പമ്പ ത്രിവേണിയില്‍ ഏര്‍പ്പെടുത്തിയത്.

മൂന്നു യൂണിറ്റുകളിലായി 60 ഷവറുകളാണു സജ്ജമാക്കുന്നത്. ഒരു യൂണിറ്റിലെ 20 ഷവറുകളുടെ നിര്‍മാണം തുലാമാസ പൂജകള്‍ക്ക് മുന്‍പായി തന്നെ പൂര്‍ത്തീകരിച്ചിരുന്നു. മറ്റു രണ്ട് യൂണിറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ആദ്യ ഷവര്‍ യൂണിറ്റിന്റെ നിര്‍മാണ ചെലവ് ഏഴേകാല്‍ ലക്ഷം രൂപയാണ്. അവശേഷിക്കുന്ന രണ്ടു യൂണിറ്റുകള്‍ക്ക് 20 ലക്ഷത്തോളം രൂപയാണു നിര്‍മാണ ചെലവ്.

പമ്പ ത്രിവേണിയില്‍ ദേവസ്വം ബോര്‍ഡ് ടോയ്‌ലറ്റ് ബ്ലോക്കിന്റെ അടുത്തായി പ്രധാന പാതയോട് ചേര്‍ന്നാണ് ഷവര്‍ യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്ഥലം നല്‍കിയത് പ്രകാരം മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഷവറുകള്‍ നിര്‍മിക്കുന്നത്. വാട്ടര്‍ അതോറിട്ടിയാണ് ഷവറുകളിലേക്ക് വെള്ളമെത്തിക്കുന്നത്. ഉപയോഗ ശേഷമുള്ള മലിനജലം പമ്പയാറ്റിലേക്ക് ഒഴുകുന്നത് ഒഴിവാക്കി അവ സോക്ക്പിറ്റിലേക്ക് പമ്പ് ചെയ്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിക്കും. ദേവസ്വം ബോര്‍ഡിന്റെ പരിസ്ഥിതി വിഭാഗത്തിനാണ് ഇതിന്റെ ചുമതല.

സന്നിധാനത്ത് അപ്പം, അരവണയ്ക്കായി മൂന്ന് കൗണ്ടറുകള്‍

ശബരിമല സന്നിധാനത്ത് ആഴിക്കു സമീപം അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി മൂന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. അരവണ ഒരു ടിന്നിന് 80 രൂപയും അപ്പത്തിന് ഒരു പായ്ക്കറ്റിന് 35 രൂപയുമാണ് നിരക്ക്.
സന്നിധാനം ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസിന് അടുത്തുള്ള കൗണ്ടറില്‍ വിഭൂതി, മഞ്ഞള്‍ പ്രസാദം, കുങ്കുമ പ്രസാദം, നെയ്യ് അഭിഷേക ടിക്കറ്റ്, ആടിയശിഷ്ടം നെയ്യ് 100 ഗ്രാം പായ്ക്കറ്റ് ടിക്കറ്റ്, എല്ലാ വഴിപാടുകള്‍ക്കുമുള്ള ടിക്കറ്റ് എന്നിവ വിതരണം ചെയ്യുന്നുണ്ട്. നെയ്യ് അഭിഷേകത്തിന് ഒരു മുദ്രക്ക് 10 രൂപയും വിഭൂതിക്ക് 25 രൂപയും മഞ്ഞളും കുങ്കുമവും ഒരുമിച്ചുള്ള പ്രസാദത്തിന് 40 രൂപയും ആടിയ ശിഷ്ടം നെയ്യ്ക്ക് 100 ഗ്രാം പായ്ക്കറ്റിന് 75 രൂപയുമാണ് നിരക്ക്.

സന്നിധാനത്തെ കൗണ്ടറില്‍ നെയ്യ് നിറച്ച തേങ്ങ നല്‍കണം. ഒരു മുദ്രക്ക് 10 രൂപ നിരക്ക്. ഭക്തര്‍ നല്‍കുന്ന നെയ്യ് ക്ഷേത്രം ജീവനക്കാര്‍ അഭിഷേകം നടത്തും. നെയ്യ് അഭിഷേക രസീത് വാവരുനടയ്ക്ക് മുന്നിലെ മരാമത്തു കോംപ്ലക്‌സില്‍ ഉള്ള കൗണ്ടറില്‍ നല്‍കിയാല്‍ ഓരോ മുദ്രയ്ക്കും ആനുപാതികമായി ആടിയശിഷ്ടം നെയ്യ് ലഭിക്കും.
മാളികപുറത്തെ കൗണ്ടറില്‍ നവഗ്രഹപൂജ, കുങ്കുമം മഞ്ഞള്‍ പ്രസാദം, ഉടയാട ചാര്‍ത്ത്, ഭഗവതിസേവ തുടങ്ങിയ പൂജകള്‍ക്ക് രസീത് എടുക്കാം. നവഗ്രഹപൂജയ്ക്ക് 250 രൂപ, കുങ്കുമം മഞ്ഞള്‍ പ്രസാദത്തിന് ഒരുമിച്ചു 40 രൂപ, ഉടയാട ചാര്‍ത്തിന് 25 രൂപ, ഭഗവതിസേവയ്ക്ക് 2,000 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പമ്പയില്‍ മോദകം, അവല്‍പ്രസാദം എന്നിവയ്ക്ക് മാത്രമായി രണ്ട് കൗണ്ടറുകളുണ്ട്. മോദകം 40 രൂപ, അവല്‍പ്രസാദം 30 രൂപ എന്നിങ്ങനെയാണ് നിരക്ക്. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തിനും വിനായക ഗസ്റ്റ് ഹൗസിനും ഇടയിലുള്ള പടവുകള്‍ക്ക് താഴെ വലതുവശത്താണ് ഒരു കൗണ്ടര്‍. പമ്പ ഗണപതി ശ്രീകോവിലിനു സമീപമുള്ള അഡ്മിനിട്രേറ്റീവ് ഓഫീസിനോട് ചേര്‍ന്നാണ് മറ്റൊരു കൗണ്ടര്‍. പമ്പ ഗണപതി ശ്രീകോവിലിനു സമീപമുള്ള അഡ്മിനിട്രേറ്റീവ് ഓഫീസിനോട് ചേര്‍ന്നുള്ള ജനറല്‍ കൗണ്ടറില്‍ മറ്റ് പൂജകള്‍ക്കുള്ള രസീതെടുക്കാം. ഇവിടെ ഗണപതിഹോമത്തിന് 300 രൂപയാണ് നിരക്ക്. പമ്പയിലെ കെട്ടുനിറ മണ്ഡപത്തിന് സമീപം കെട്ടുനിറ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. കെട്ട് നിറയ്ക്ക് ഇവിടെ ഒരാള്‍ക്ക് 250 രൂപയാണ് നിരക്ക്. ഇരുമുടികെട്ട്, കെട്ട് നിറയ്ക്കല്‍ സാധനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പമ്പയിലെ കെട്ടുനിറ മണ്ഡപത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

അവസാനം മലകയറുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന
ഒന്‍പത് മണിക്ക് മുന്‍പായി എത്തുന്നത് ഉറപ്പാക്കും

പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം. ഹൈ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.വിവിധ വകുപ്പ് ജീവനക്കാരുടെ പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസര്‍മാരുടെ കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിക്ക് കോവിഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അധികാരം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി നടപടി എടുക്കുന്നതിനും കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് അധികാരം നല്‍കി. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്‌ളൈഓവറിന് കിഴക്കേ ട്രാക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുമുടി കെട്ട് ഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. സോപാനത്ത് ചെന്ന് ഗണപതികോവിലും കഴിഞ്ഞ് മാളികപുറത്തേക്ക് പോകുന്ന വഴി ഫ്‌ളൈഓവര്‍ കയറുന്ന സമത്ത് കാണുന്ന രണ്ടു പാതയില്‍ കിഴക്കേ വശത്തുള്ള പാതയിലാണ് ഭക്തര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുമുടി കെട്ട് അഴിക്കാനുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ കടകളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം നടത്താന്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും. മെസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്ഷണ വിതരണമെന്ന് ഉറപ്പുവരുത്തും.
മരക്കൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തിരഘട്ടങ്ങളില്‍ സ്ട്രക്ച്ചര്‍ എടുക്കുന്നതിന് സേവനത്തിലുള്ള അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നല്‍കും. വിവിധ വകുപ്പുകള്‍ ഒരുക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി പ്രത്യേകം ശ്രദ്ധ നല്‍കേണ്ട വിഷയങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പി.വി. സുധീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മൃതുല്‍ മുരളീകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗ് ഈ മാസം 21 നടക്കും.