Trending Now

ശബരിമലയില്‍ സുസജ്ജമായി ഫയര്‍ഫോഴ്‌സ്

കോന്നി വാര്‍ത്ത ഡോട്ട് കോം @ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സുസജ്ജമായി കേരളാ ഫയര്‍ഫോഴ്സ്. പമ്പയും, സന്നിധാനവും കേന്ദ്രീകരിച്ചാണ് ഇത്തവണ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. അടിയന്തര രക്ഷാപ്രവര്‍ത്തനം, അഗ്നിശമനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജ്, സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 39 പേരാണ് ഇത്തവണ സുരക്ഷാ ദൗത്യത്തിനെത്തിയിട്ടുള്ളത്.

മരക്കൂട്ടം, ശരംകുത്തി, കെ.എസ്.ഇ.ബി, മാളികപ്പുറം, അരവണ കൗണ്ടറോട് ചേര്‍ന്ന മെയിന്‍ കണ്‍ട്രോള്‍ റൂം എന്നിങ്ങനെ അഞ്ചിടത്തായാണ് ഫയര്‍ഫോഴ്സ് സുരക്ഷയൊരുക്കുന്നത്. നാലു പോയിന്റുകളില്‍ ആറു പേര്‍ വീതവും, മെയിന്‍ കണ്‍ട്രോള്‍ റൂമില്‍ ബാക്കിയുള്ളവരും ജോലി ചെയ്യുന്നു. തിരുമുറ്റത്ത് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് സ്ട്രക്ച്ചറും, ഫയര്‍ എക്സ്റ്റിംഗുഷറും സ്ഥാപിക്കുകയും രണ്ട് പേരെ നട തുറക്കുന്നതു മുതല്‍ നട അടക്കുന്നതു വരെ ജോലിക്കായി നിയോഗിച്ചിട്ടുമുണ്ട്. ഇതിനു പുറമേയാണ് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അണുനശീകരണം നടത്തുന്നത്. തിരുമുറ്റം, പതിനെട്ടാം പടി നട, അപ്പം- അരവണ കൗണ്ടര്‍, നടപ്പന്തല്‍, കെഎസ്ഇബി എന്നിവിടങ്ങള്‍ രണ്ടു ദിവസത്തിലൊരിക്കല്‍ അണുവിമുക്തമാക്കുന്നുണ്ട്. മാളികപ്പുറം ദിവസവും അണുവിമുക്തമാക്കുന്നുണ്ട്.

നിലയ്ക്കലില്‍ 30 പേരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഫയര്‍ എന്‍ജിന്‍ ഉള്‍പ്പടെയുള്ള അടിയന്തര സഹായ ഉപകരണങ്ങളും നിലയ്ക്കലില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയവരുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ 38 പേരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.