പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജില്ലാ പഞ്ചായത്തില്‍ നിലവില്‍വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷനായ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന എന്‍. നന്ദകുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കമ്മിറ്റി രൂപികരിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍?
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ഒരു തരത്തിലുമുള്ള നയപരമായ തീരുമാനങ്ങളും കൈക്കൊള്ളാന്‍ പാടുള്ളതുമല്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും അതിന്റെ മിനിട്‌സ് സൂക്ഷിക്കേണ്ടതുമാണ്.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അധികാരങ്ങള്‍?
ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍, യാത്രാപ്പടി എന്നിവ നല്‍കുക, വൈദ്യുതി ചാര്‍ജ്, കുടിവെള്ള ചാര്‍ജ്, ഇന്ധന ചാര്‍ജ്, ടെലിഫോണ്‍ ബില്‍, വാടക, പരസ്യ ചാര്‍ജ് , നികുതി തുടങ്ങിയവ നല്‍കല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള സിറ്റിംഗ് ഫീസ്, യാത്രപ്പടി എന്നിവ നല്‍കല്‍, എഎംസി തുക സമയമാകുന്ന മുറയ്ക്ക് നല്‍കല്‍, ഭവന പദ്ധതികളുടെ നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ഗഡു തുക നല്‍കല്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, ബാലവാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കുള്ള ഭക്ഷണവിതരണത്തിന്റെ ബില്ല് നല്‍കല്‍, ദിവസ/ സിഎല്‍ആര്‍ ജീവനക്കാരുടെ വേതനം നല്‍കല്‍, കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കല്‍, ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പരിപാടികള്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തനം എന്നിവ യഥാസമയം നിര്‍വഹിക്കല്‍ തുടങ്ങിയവയാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുടെ അധികാരങ്ങള്‍.
കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സി, ഐ.ക്യു.സി, ഡി.സി.സി എന്നീ കോവിഡ് കെയര്‍ സെന്ററുകളുടെ നിയന്ത്രണവും ഏകോപനവും, സാമൂഹിക അകലം പാലിക്കല്‍, ബ്രേയ്ക്ക് ദി ചെയിന്‍ പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതിനു വേണ്ടിയുള്ള അവബോധന ഇടപെടലുകള്‍,
സാന്ത്വന ചികിത്സാ രംഗത്ത് ശ്രദ്ധ പതിപ്പിക്കല്‍, ഫീല്‍ഡ് തല കോവിഡ് പരിശോധനയുടെ ഏകോപനം, സാമൂഹിക നിരീക്ഷണം, റിവേഴ് ക്വാറന്റീന്‍ നിരീക്ഷണവും ഏകോപനവും, നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ മെഡിക്കല്‍ ഓഫീസറുമായും വിവര വിനിമയ ഏകോപനം എന്നീ അധിക ചുമതലകളും ജില്ലാപഞ്ചായത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കുണ്ട്.