ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു. പെരുനാട്, കൊല്ലമുള വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നവംബര്‍ 12 മുതല്‍ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുളളത്.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ താല്‍ക്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകള്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ഓഫീസുകളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അസി. എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
ഉത്സവത്തിന് മുന്നോടിയായി ളാഹ മുതല്‍ സന്നിധാനം വരെ വിവിധ ഭാഷകളിലുളള മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. റാന്നി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
റാന്നി, പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, സന്നിധാനം എന്നിവിടങ്ങളിലെ വനമേഖലകളിലും, മറ്റ് സ്ഥലങ്ങളിലും ഉത്സവത്തിന് മുന്നോടിയായി സംയുക്ത റെയ്ഡുകള്‍ നടത്തി. ഉത്സവത്തോട് അനുബന്ധിച്ച് മണ്ണാറക്കുളഞ്ഞി മുതല്‍ പ്ലാപ്പളളി വരെയുളള റോഡില്‍ 24 മണിക്കൂറും എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് പട്രോളിംഗ് നടത്തിവരുന്നു.
നിലയ്ക്കല്‍, അട്ടത്തോട്, ചാലക്കയം, പമ്പ ഭാഗങ്ങളില്‍ ബൈക്ക് പട്രോളിംഗും, വാഹനപരിശോധനയും നടത്തിവരുന്നു. കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിലയ്ക്കല്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ, ഫേസ് ഷീല്‍ഡ് എന്നിവയും വിതരണം നടത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.