Trending Now

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വൻ വിജയംനേടും: കോടിയേരി

 

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടി ഇടതുപക്ഷം വൻ വിജയം നേടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അതിന്‌ സഹായകമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉള്ളത്‌. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും, കേരളത്തിലെ യുഡിഎഫ്‌ നയങ്ങളെയും തുറന്നുകാണിച്ചുള്ള പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ നടത്താൻ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ എൽഡിഎഫ്‌ ഭരണസമിതികളുടെ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക്‌ മുമ്പിൽ അവതരിപ്പിക്കും. കേന്ദ്രത്തിലെ ബിജെപി ഭരണവും, മുൻപുണ്ടായിരുന്ന യുഡിഎഫ്‌ ഭരണവും വിലയിരുത്തിയുള്ള പോരാട്ടമാകും ഈ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പ്‌ സമയത്തെ ദേശീയ സംഭവ വികാസങ്ങൾ പ്രധാനപ്പെട്ടതാണ്‌. കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയല്ല, ആർഎസ്‌എസ്‌ ഭരണഘടനക്കനുസരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. മനുസ്‌മൃതി നടപ്പാക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമം. കോർപ്പറേറ്റ്‌ വൽക്കരണമാണ്‌ ബിജെപി നയം. അടുത്തിടെ കർഷക, തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയത്‌ കോർപ്പറേറ്റുകളെ സഹായിക്കാനാണ്‌.
മതനിരപേക്ഷ അടിത്തറയ്‌ക്ക്‌ ആഘാതമാണ്‌ കേന്ദ്ര ഭരണം ഉണ്ടാക്കുന്നത്‌. അതിനോടുള്ള പ്രതിഷേധമാണ്‌ നവംബർ 26 ലെ ദേശീയ പണിമുടക്ക്‌. ബിഎംഎസ്‌ ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ഇതിൽ പങ്കെടുക്കുന്നുണ്ട്‌. പൊതു പണിമുടക്ക്‌ കേരളത്തിൽ വൻ വിജമാക്കാൻ എല്ലാ പർട്ടി ഘടകങ്ങളും മുന്നിട്ടിറങ്ങി പ്രവർത്തിക്കണം.

ദേശീയതലത്തിൽ ബിജെപിക്കെതിരായി ഒരു വിശാലമായ സഖ്യം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്‌. ബിഹാറിൽ ഇടതുപക്ഷം അതിന്‌ അനുസരിച്ച്‌ പ്രവർത്തിക്കുണ്ട്‌. ഇത്‌ രാജ്യവ്യാപകമായി വളർന്നുവരാൻ പോകുകയാണ്‌. ഇന്ത്യയിൽ പ്രതിപക്ഷ ഐക്യമില്ല എന്ന ചിന്ത മാറിവരികയാണ്‌. അടുത്ത വർഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ്‌ ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്‌. ഇതിന്റെ ഭാഗമായി ബംഗാളിൽ ടിഎംസിയെയും ബിജെപിയേയും പരാജയപ്പെടുത്താനുള്ള പ്രവർത്തനം സിപിഐ എം ആരംഭിച്ചിരിക്കുകയാണ്‌. ഇവിടെ കോൺഗ്രസുമായി സീറ്റ്‌ പങ്കിടുന്ന ചർച്ചകൾ നടന്നുവരികയാണ്‌.

തമിഴ്‌നാട്ടിലും വിശാല സഖ്യം രൂപപ്പെട്ട്‌ വരുന്നുണ്ട്‌. എന്നാൽ ഇതിൽനിന്നെല്ലാം വിഭിന്നമായി കേരളത്തിലെ കോൺഗ്രസ്‌ പാർട്ടി സ്വീകരിക്കുന്ന നിലപാട്‌ ബിജെപിക്ക്‌ അനുകൂലമാണ്‌. കേരളത്തിൽ ബിജെപി സർക്കാരിനെതിരെ എടുക്കുന്ന സമീപനം കോൺഗ്രസിന്‌ പ്രോത്സാഹനം നൽകുകയാണ്‌. അഖിലേന്ത്യ കോൺഗ്രസ്‌ പാർട്ടി സ്വീകരിക്കുന്ന നിലപാടിന്‌ അനുകൂലമായല്ല കേരളത്തിലെ കോൺഗ്രസ്‌ നിലപാട്‌. കേന്ദ്ര നേതൃത്വത്തിനെവരെ തള്ളിപ്പറയുന്ന സ്ഥിതിയാണ്‌ സംസ്ഥാനത്തെ കോൺഗ്രസിൽ ഉള്ളത്‌.

രാഹുൽ ഗാന്ധിയോട്‌ കേന്ദ്ര നേതൃത്വം ഇവിടെ ഇടപെടേണ്ട എന്ന ചെന്നിത്തലയുടെ മറുപടി ഇതിന്‌ ഉദാഹരണമാണ്‌. പശ്ചിമ ബംഗാളിലും ഈ സഖ്യം മുൻപ്‌ ഉണ്ടായിട്ടുണ്ട്‌. ഇടതുപക്ഷ സർക്കാരിനെ പുറത്താക്കാനായിരുന്നു ഇത്‌. കോൺഗ്രസും, ബിജെപിയും തൃണമൂൽ കോൺഗ്രസും അടക്കം ഇടതുപക്ഷ സർക്കാരിനെ പുറത്താക്കാൻ ഒത്തുചേർന്നു. പിന്നീട്‌ ടിഎംസിയും കോൺഗ്രസും തെറ്റി പിരിയുകയാണ്‌ ഉണ്ടായത്‌. അന്ന്‌ ആർഎസ്‌എസ്‌ ലക്ഷ്യം ഭാവി രാഷ്‌ട്രീയത്തിൽ ഇടപെടുക എന്നതായിരുന്നു. അതിന്റെ വില ബംഗാളിൽ കോൺഗ്രസ്‌ ഇപ്പോൾ കൊടുക്കുന്നുണ്ട്‌.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളോട്‌ പറഞ്ഞ്‌ എൽഡിഎഫ്‌ വോട്ടുതേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 പദ്ധതികളിൽ 20 എണ്ണം ഒഴികെ എല്ലാം പൂർത്തിയാക്കി. കോവിഡ്‌ പശ്‌ചാത്തലത്തിലും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുമെന്ന്‌ എൽഡിഎഫ്‌ തെളിയിച്ചു. യുഡിഎഫിന്‌ അസാധ്യമായത്‌ എൽഡിഎഫിന്‌ സാധ്യമാകും.പ്രഖ്യാപിച്ച കാര്യങ്ങൾ ഓരോന്നായി നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ ശ്രമിച്ചിട്ടുള്ളത്‌. സാമൂഹ്യനീതി ഉറപ്പുവരുത്താൻ ഇടപെട്ട സർക്കാരാണിത്‌. ഇതാണ്‌ മറ്റ്‌ സർക്കാരുകളിൽനിന്ന്‌ എൽഡിഎഫിനെ വ്യത്യസ്‌തമാക്കുന്നത്‌.

കേന്ദ്ര ഏജൻസികൾ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌ സംസ്ഥാനത്ത്‌ ഇടപെടുന്നത്‌. മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മുൻപ്‌ ഇത്തരത്തിൽ അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും ഉണ്ടായിട്ടുണ്ട്‌. അന്ന്‌ പല വിഷയങ്ങളിലും സ്വീകരിച്ച നിലപാടല്ല കോൺഗ്രസ്‌ ഇപ്പോൾ സ്വീകരിക്കുന്നത്‌.

ഇഡി പലരുടേയും മൊഴി എന്ന പേരിൽ മാധ്യമങ്ങൾക്ക്‌ ചോർത്തി നൽകുന്ന രീതി മുൻപ്‌ ഉണ്ടായിരുന്നില്ല. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്‌പ്പോൾ ഏതെങ്കിലും മാധ്യമങ്ങൾക്ക്‌ ഇഡി വാർത്ത എന്ന്‌ പറഞ്ഞ്‌ എന്തെങ്കിലും നൽകിയിരുന്നോ?.

രാഷ്‌ട്രീയ നിലയിലാണ്‌ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്‌ എന്ന്‌ മറയില്ലാതെ വ്യക്തമാണ്‌. വളരെ നാളായി സംസ്ഥാനം ആവശ്യപ്പെടുന്ന ടൈറ്റാനിയം അഴിമതി അന്വേഷിക്കാൻപോലും സിബിഐ തയ്യാറല്ല. ഉമ്മൻചാണ്ടി, ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ്‌ എന്നിവരാണ്‌ പ്രതിസ്ഥാനത്ത്‌ വരിക. മാറാട്‌ കേസിൽ നാല്‌ വർഷമായി അന്വേഷണമില്ല. യുഡിഎഫും ബിജെപിയുും തമ്മിലുള്ള ധാരണക്കനുസരിച്ചാണ്‌ ഏജൻസികൾ പ്രവർത്തിക്കുന്നത്‌. അത്‌ വ്യക്തമാക്കുന്നതാണ്‌ ഈ സംഭവങ്ങൾ.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കമാണ്‌ ഉണ്ടാകുന്നത്‌. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കുന്നതിനെതിരെ എൽഡിഎഫ്‌ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. അതിനുള്ള തീയതിയും മറ്റും എൽഡിഎഫ്‌ ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. അഴിമതി രഹിത ഭരണമാണ്‌ എൽഡിഎഫ്‌ നടത്തുന്നത്‌. യുഡിഎഫിലെ ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കെതിരെ ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്‌. ഇത്തരം പ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ മടിക്കുന്നത്‌ രാഷ്‌ട്രീയ ഉദ്ദേശത്തോടെയാണ്‌ എന്നും കോടിയേരി പറഞ്ഞു.