Trending Now

നിസ്വാർഥ പുരസ്കാരം ഡോ. എം എസ്‌ സുനിലിന് ലഭിച്ചു

 

റേഡിയോ മാക്ഫാസ്റ്റ്-90.4 സ്‌റ്റേഷൻ ഡയറക്ടറായിരുന്ന വി ജോർജ്‌ മാത്യുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘നിസ്വാർഥ’ പുരസ്കാരത്തിന്‌ പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിനെ തെരഞ്ഞെടുത്തു.
ഈ മാസം തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കും. മാനവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് ഈ വർഷം മുതൽ റേഡിയോ മാക്ഫാസ്‌റ്റ്‌- 90.4 ‘നിസ്വാർഥ’ പുരസ്കാരം നൽകുന്നത്‌.
കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് അധ്യക്ഷനായ ആറംഗ ജൂറിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. തിരുവല്ല അതിരൂപത വികാർ ജനറാൾ മോൺ. ചെറിയാൻ താഴമൺ, മാക് ഫാസ്‌റ്റ്‌ പ്രിൻസിപ്പലും റേഡിയോ മാക്ഫാസ്‌റ്റ്‌ ചെയർമാനുമായ റവ. ഡോ. ചെറിയാൻ ജെ കോട്ടയിൽ, ഡയറക്ടർ റവ. ചാക്കോ മേലേടത്ത്, അഡ്മിനിസ്ട്രേറ്റർ പ്രൊഫ. വർഗീസ് ഏബ്രഹാം, സ്‌റ്റേഷൻ ഡയറക്ടർ രാധാകൃഷ്ണൻ കുറ്റൂർ എന്നിവരായിരുന്നു മറ്റ്‌ ജൂറി അംഗങ്ങൾ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപിക ആയിരിക്കെ നാഷണൽ സർവീസ് സൊസൈറ്റിയുടെ കോർഡിനേറ്ററായി സാമൂഹിക പ്രവർത്തനത്തിൽ പങ്കാളിയായ ഡോ. സുനിൽ പിന്നീട് അത് തന്റെ പ്രവർത്തന മേഖലയാക്കി ‘ഹോം ഫോർ ഹോംലെസ്‌ ‘ പദ്ധതിയിലൂടെ അശരണർക്കായി 183 വീടുകൾ ഇതിനോടകം നിർമിച്ചു നൽകിയിട്ടുണ്ട്. 25,001 രൂപയും ഫലകവും അടങ്ങുന്നതാണ് വി ജോർജ്‌ മാത്യു സ്‌മാരക പുരസ്കാരം.

 

error: Content is protected !!