Trending Now

ജില്ലാ ആശുപത്രിയില്‍ ഒന്നര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

 

കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യത്തെ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍
ഐസിയുവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി

കോവിഡ് രോഗം ബാധിച്ചവര്‍ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള നെഗറ്റിവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവും ഓപ്പറേഷന്‍ തീയേറ്ററും സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കേരളത്തിലെ ജില്ലാ ആശുപത്രികളില്‍ ആദ്യത്തെ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേത്.
നെഗറ്റീവ് പ്രഷര്‍ ഐസിയുവിലൂടെ കോവിഡ് രോഗികളുടെ ഇടയിലുണ്ടാകുന്ന അണുബാധ തടയുന്നതിനും ഇവരെ ചികില്‍സിക്കുന്ന മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടാകുന്നത് തടയിടാനും കഴിയും. ഒരു മണിക്കൂറില്‍ എട്ട് തവണ വായൂ ശുദ്ധീകരിക്കാന്‍ നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവിലൂടെ സാധിക്കും എന്നതിനാല്‍ കോവിഡ് അല്ലാതെ വായുവില്‍ കൂടി പകരുന്ന മറ്റ് അസുഖങ്ങള്‍ക്കും നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയു ഫലവത്താണ്.
10 ബെഡുകളാണ് ഐസിയുവില്‍ ഉള്ളത്. ഇതേ ബ്ലോക്കില്‍ തന്നെ നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തീയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയില്‍ ഇരിക്കുന്ന രോഗികളെ അടിയന്തര സാഹചര്യത്തില്‍ ഏതെങ്കിലും ശസ്ത്രക്രിയകള്‍ക്ക് വിധേയരാക്കണ്ടി വന്നാല്‍ ഉപയോഗിക്കുന്നതിനാണ് നെഗറ്റീവ് പ്രഷര്‍ തീയറ്ററുകള്‍.
പഴയ മെഡിക്കല്‍ ഐസിയുവും ഇതോടൊപ്പം നവീകരിച്ചു. പഴയ നാല് ബെഡുകള്‍ ഉണ്ടായിരുന്ന ഐസിയു ആണ് ഇപ്പോള്‍ ആറ് ബെഡുകളോടും പുതിയ നഴ്‌സിംഗ് സ്റ്റേഷനോടും കൂടി നവീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ വാര്‍ഡിലും പിഒ വാര്‍ഡിലുമായി സെന്‍ട്രല്‍ ഓക്സിജന്‍ സംവിധാനവും വെന്റിലേറ്റര്‍ ഘടിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് സംവിധാനവുമായി 65 ബെഡുകള്‍കൂടി തയാറാക്കിയിട്ടുണ്ട്. ഈ ബെഡുകളിലെല്ലാം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ പരിചരിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
എംഎല്‍എ ഫണ്ടിന്റെയും ഹെല്‍ത്ത് മിഷന്റെയും സഹായത്തോടെ ഒന്നരക്കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയിരിക്കുന്നത്. ഐസിയു കിടക്കകള്‍ തയാറാക്കുന്നതിനുള്ള സിവില്‍ വര്‍ക്കുകള്‍, ഐസിയുകളിലേക്കുള്ള ആശുപത്രി ഉപകരണങ്ങളുടെ സമാഹരണം എന്നിവയ്ക്കാണ് തുക പ്രധാനമായും ചെലവഴിച്ചിരിക്കുന്നത്.
ഐസിയു ബ്ലോക്കാക്കിയ എ ബ്ലോക്കില്‍ ഇപ്പോള്‍ നോണ്‍ കോവിഡ് രോഗികളെയാണ് ചികിത്സിക്കുന്നത്. ജനറല്‍ മെഡിസിന്‍, ഓങ്കോളജി, ഗൈനക്കോളജി, സര്‍ജറി, ഓര്‍ത്തോ തുടങ്ങി നിരവധി വിഭാഗങ്ങളിലായി അനേകം രോഗികള്‍ക്കാണ് ഇപ്പോള്‍ നോണ്‍ കോവിഡ് സേവനങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നല്‍കിവരുന്നത്. പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഐസിയു കിടക്കകള്‍ അടങ്ങിയ എ ബ്ലോക്ക് കൂടി കോവിഡ് ബ്ലോക്ക് ആക്കി മാറ്റിയാല്‍ ജില്ലയിലെ ഐസിയു കിടക്കകളുടെ കുറവ് നികത്താന്‍ ഒരു പരിധി വരെ സാധിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, നോഡല്‍ ഓഫീസര്‍ ഡോ. ജെയ്‌സണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!