Trending Now

കോന്നി മെഡിക്കല്‍ കോളേജ്: 286 തസ്തികകള്‍ സൃഷ്ടിച്ചു

 

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ അക്കാഡമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ തുടങ്ങാന്‍ സാധിക്കും.
സംസ്ഥാനത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 195 ഓവര്‍സിയര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

 

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് :300 കിടക്കകളുള്ള ആശുപത്രി കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്

കോന്നി വാര്‍ത്ത :കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ തുടങ്ങുന്നതിനും, എം.ബി.ബി.എസ് കോഴ്സിൻ്റെ ആദ്യ ബാച്ച് തുടങ്ങുന്നതിനുമുള്ള നടപടിയുടെ ഭാഗമായി 286 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.26 അദ്ധ്യാപക തസ്തികകളും 260 അനദ്ധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
300 കിടക്കകളുള്ള ആശുപത്രി കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ഇപ്പോൾ ഒ.പി. പ്രവർത്തിക്കുന്നുണ്ട്. കിടത്തി ചികിത്സ തുടങ്ങുന്നതിനായാണ് സർക്കാർ പുതിയ തസ്തികകൾ അനുവദിച്ചത്. കിടത്തി ചികിത്സ ആരംഭിക്കുകയും, മെഡിക്കൽ കൗൺസിലിൻ്റെ അനുവാദം ലഭിക്കുകയും ചെയ്താൽ മാത്രമേ എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കാൻ കഴിയുകയുള്ളു.
പ്രതിസന്ധി കാലയളവിലും പുതിയ തസ്തിക അനുവദിച്ച് മെഡിക്കൽ കോളേജിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ തയ്യാറായ കേരള സർക്കാരിനെയും, മുഖ്യമന്ത്രിയേയും, ആരോഗ്യ ധനകാര്യ വകുപ്പ് മന്ത്രിമാരെയും കോന്നി ജനതയ്ക്കുവേണ്ടി അഭിനന്ദിക്കുന്നതായി എം.എൽ.എ പറഞ്ഞു.