Trending Now

അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തി; ഉദ്ഘാടനം നാലിന്

 

കോന്നി വാര്‍ത്ത : അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി കെ. രാജു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പട്ടികവര്‍ഗ വകുപ്പില്‍ നിന്നും 1.57 കോടി രൂപ അനുവദിപ്പിച്ചാണ് വനത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ വൈദ്യുതി എത്തിച്ചത്.

എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോളനിയില്‍ ഒരു വര്‍ഷത്തിനകം വൈദ്യുതി എത്തിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം ഇതോടെ യാഥാര്‍ഥ്യമാകുകയാണെന്നും എംഎല്‍എ പറഞ്ഞു. 33 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളും, മൂഴി മുതല്‍ കോളനിക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും, കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റര്‍ ദൂരം എല്‍റ്റി എബിസി കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.

ആറിനു കുറുകെ കേബിള്‍ വലിക്കുന്ന ജോലി വലിയ ശ്രമകരമായിരുന്നു. ഇരുകരകളിലും പോസ്റ്റ് സ്ഥാപിച്ച് കുറുകെ കമ്പിയിട്ട് അതില്‍ കപ്പി സ്ഥാപിച്ചാണ് ആറിനു കുറുകെ കേബിള്‍ ഇട്ടത്. അച്ചന്‍കോവില്‍ ആറില്‍ ജല നിരപ്പ് ഉയര്‍ന്നതും ജോലി ദുഷ്‌കരമാക്കി. കോളനിക്കുള്ളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. കോളനിക്കുള്ളില്‍ 35 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കോളനിയിലെ 33 വീടുകള്‍ക്കും അംഗന്‍വാടിയ്ക്കും കണക്ഷന്‍ നല്‍കി.

ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനും കണക്ഷന്‍ നല്‍കും. വീടുകള്‍ക്കുള്ള വയറിംഗ് ജോലികള്‍ ഗ്രാമ പഞ്ചായത്ത് നടത്തി നല്‍കി. 0.272 ഹെക്ടര്‍ വനഭൂമി വൈദ്യുതി എത്തിക്കുന്നതിനായി നിബന്ധനകള്‍ക്കു വിധേയമായി വനം വകുപ്പില്‍ നിന്നും വിട്ടു നല്‍കി. എംഎല്‍എയ്ക്ക് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെയാണ് വൈദ്യുതി എത്തിച്ചു നല്‍കാനുള്ള നടപടികള്‍ നടത്താന്‍ കഴിഞ്ഞത്. കാലാകാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന ആദിവാസി സമൂഹത്തിന് വെളിച്ചമെത്തിച്ചു നല്‍കാന്‍ കഴിഞ്ഞു എന്നത് വളരെയധികം ആത്മസംതൃപ്തി നല്‍കുന്ന അനുഭവമാണെന്ന് എംഎല്‍എ പറഞ്ഞു. വനത്താലും, നദിയാലും ഒറ്റപ്പെട്ടു പോയ സമൂഹത്തിന് പാലം നിര്‍മിച്ചു നല്‍കുന്നത് ഉള്‍പ്പടെയുള്ള തുടര്‍ വികസന പദ്ധതികളും ഏറ്റെടുത്തു നടപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു.

error: Content is protected !!