വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല: മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമം സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ച 15 സൈബര്‍ പോലീസ് സ്റ്റേഷനുകളുടെയും മലക്കപ്പാറ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റേയും പോലീസിന്റെ ആധുനിക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന്റേയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായാണ് പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. നമ്മുടെ നാട്ടില്‍ അഭ്യസ്തവിദ്യരായവര്‍ പോലും നിയന്ത്രണമില്ലാതെ സൈബര്‍ ലോകത്ത് അതിക്രമം കാട്ടുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല. എല്ലാ പോലീസ് ജില്ലകളിലും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വരുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് പകര്‍ച്ചവ്യാധികളെ നേരിടാനുള്ള പരിശീലനം ഇല്ലാതിരുന്നിട്ടുപോലും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് പോരാടിയവരാണ് സംസ്ഥാനത്തെ പോലീസുകാര്‍. ജനമൈത്രി എന്ന പേര് അന്വര്‍ഥമാക്കും വിധമായിരുന്നു മഹാമാരിഘട്ടത്തിലെ പോലീസിന്റെ ഇടപെടല്‍. അഭ്യസ്തവിദ്യരായ ഒട്ടേറെ യുവതീയുവാക്കള്‍ ഇപ്പോള്‍ പോലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. കുറ്റാന്വേഷണ മികവില്‍ കേരള പോലീസിനെ വെല്ലാന്‍ ആളില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശരിയായ വിവരം യഥാസമയം കൃത്യതയോടെ കൈമാറുക എന്നത് പോലീസിനെ സംബന്ധിച്ച് പ്രധാനമാണ്. പോലീസിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ വലിയ മാറ്റമാണ് അടുത്ത കാലത്തായി ഉണ്ടായത്. ഇത്തരത്തിലുള്ള നവീകരണം തുടരും. ഉന്നത നിവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്ന വിനിമയ സംവിധാനമാണ് കേരള പോലീസിന്റേത്. പുതിയ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെയും മറ്റു സ്പെഷ്യല്‍ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരോട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരേസമയം സംസാരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള പോലീസ് ഫോര്‍മേഷന്‍ ഡേ പരേഡിന്റെ സല്യൂട്ട് ഇതോടൊപ്പം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. വിവിധ പോലീസ് മെഡലുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജനപ്രതിനിധികള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ നിര്‍ണായക ചുവടുവയ്പ്പ്: വീണാ ജോര്‍ജ് എംഎല്‍എ
പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് നിര്‍ണായകമായ ചുവടുവയ്പാണ് പുതുതായി ആരംഭിച്ച സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനെന്ന് വീണാ ജോര്‍ജ് എം എല്‍ എ പറഞ്ഞു. പുതുതായി ആരംഭിച്ച പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനു വേണ്ടി 15 ഉദ്യോഗസ്ഥരെ നിയമിച്ചു. സൈബര്‍ സ്‌പേസില്‍ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ആരംഭിച്ചെന്നും എംഎല്‍എ പറഞ്ഞു.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ് കുമാര്‍ ഗുരുഡിന്‍, അഡീഷണല്‍ എസ്.പി എ.യു. സുനില്‍കുമാര്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ തന്‍സീം അബ്ദുല്‍ സമദ്, ഡിവൈ.എസ്.പിമാരായ എസ്. സജീവ്, ആര്‍.ജോസ്, ടി. രാജപ്പന്‍, ആര്‍.ബിനു, സുധാകരപിള്ള, പ്രദീപ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!