
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നതും നിരോധിച്ചു. ഒക്ടോബര്‍ 31ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 15ന് അര്‍ദ്ധരാത്രി വരെയാണ് ഉത്തരവിന് പ്രാബല്യം. ജില്ലയില്‍ ഇതുവരെ 15,178 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തില്‍ 200 മുതല്‍ 250 വരെ കോവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുകയും മാര്‍ച്ച് മുതല്‍ ഇതുവരെ 90 പേര്‍ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനം മാസ്‌ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, ഹാന്‍ഡ് സാനിറ്റൈസെര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കുക. വിവാഹത്തിന് 50 പേരില്‍ കൂടുതലും ശവസംസ്‌കാരത്തിന് പരമാവധി 20 പേരില്‍ കൂടുതലും പങ്കെടുക്കാന്‍ പാടില്ല.
സര്‍ക്കാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള പരിപാടികളില്‍ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. ചന്തകള്‍, ബസ് സ്റ്റാന്‍ഡ്, പൊതുഗതാഗതം, ഓഫീസുകള്‍, കടകള്‍, റസ്റ്ററന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷാ കേന്ദ്രങ്ങള്‍, റിക്രൂട്ട്മെന്റ്, മറ്റ് വാണിജ്യ -വ്യവസായ സ്ഥാപനങ്ങള്‍, അനുവദനീയമായ പ്രാഥമിക, ദ്വിദീയ, തൃതീയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുക. ആളുകള്‍ കൂടുവാന്‍ സാധ്യതയുള്ള ചന്തകള്‍, ബസ് സ്റ്റാന്റ്, മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും അണുനശീകരണ പ്രവര്‍ത്തനം നടത്തണം. നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും ഉത്തരവ് ബാധകമല്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ പി സി 188 വകുപ്പ് പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 2335 പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 1096 പേര്‍ വീടുകളില്‍ ഐസലേഷനിലാണ്. മൂവായിരത്തോളം സാമ്പിളുകള്‍ ദിനം പ്രതി ജില്ലയില്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇതുവരെ 1,72,685 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തിട്ടുള്ളത്.