Trending Now

കണ്ണുകളിലെ കാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം

 

മലബാർ കാൻസർ സെന്ററിന് 18 കോടിയുടെ ഭരണാനുമതി
കണ്ണൂർ തലശ്ശേരി മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻറ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്കായി 18 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഒക്യുലർ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിന് 50 ലക്ഷം, ഇമേജോളജി വിഭാഗത്തിന്റെ നവീകരണം 1.50 കോടി, എച്ച്.വി.എ.സി. യൂണിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന് 50 ലക്ഷം, ജില്ലാ കാൻസർ കൺട്രോൾ പ്രോഗ്രാം പൈലറ്റ് പ്രോജക്ടിന് 26 ലക്ഷം, ഹോസ്പിറ്റൽ ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാം ആന്റ് സെൽ 1.91 കോടി, ഓഡിയോ വിഷ്വൽ അക്കാഡമിക് സെമിനാർ ഹാൾ 21.50 ലക്ഷം, ഇൻഫെക്ഷൻ കൺട്രോൾ പ്രോഗ്രാം 1.27 കോടി, നഴ്‌സിംഗ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം, വിവിധ ബ്ലോക്കുകളിലെ ലിഫ്റ്റുകൾക്ക് 2.32 കോടി, വിദ്യാർത്ഥികളുടെ ഹോസ്റ്റലിന്റെ മൂന്നാം ഘട്ടം 4.31 കോടി, മെഡിക്കൽ ലൈബ്രറിയുടെ വിപുലീകരണം 1.30 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ ഘട്ടത്തിലെ വികസനത്തിനായി 28 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബാക്കി തുകയുടെ ഭരണാനുമതി നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മേഖലയിൽ ഒക്യുലർ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിർന്നവരിലും കുട്ടികളിലും കണ്ണുകളിൽ അപൂർവമായി കാണുന്ന കാൻസറിന്റെ അത്യാധുനിക ചികിത്സയ്ക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്. ഈ ചികിത്സയ്ക്കായി പലപ്പോഴും മറ്റ് സംസ്ഥാനങ്ങളെയാണ് രോഗികൾ ആശ്രയിക്കുന്നത്. ഇത് മനസിലാക്കായാണ് സർക്കാരിന്റെ ഒരു കാൻസർ സെന്ററിന്റെ കീഴിൽ തന്നെ ആദ്യമായി ഒക്യുലർ ഓങ്കോളജി വിഭാഗം സജ്ജമാക്കുന്നത്. കുട്ടികളുടെ കാൻസർ നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഈ വിഭാഗത്തിലുണ്ടാകും.
വലിയ വികസന പ്രവർത്തനങ്ങളാണ് മലബാർ കാൻസർ സെന്ററിൽ നടന്നു വരുന്നത്. അടുത്തിടെ 50 കോടിയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 114 കോടിയുടെ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. കിഫ്ബി വഴി 82 കോടിയുടെ ഒന്നാംഘട്ട വികസന പ്രവർത്തനങ്ങളാണ് എം.സി.സി.യിൽ നടന്നു വരുന്നത്. 560 കോടി രൂപയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കുള്ള അനുമതി കിഫ്ബിയുടെ പരിഗണനയിലാണ്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ കാൻസർ സെന്ററിൽ വലിയ സംവിധാനങ്ങൾ നിലവിൽ വരും.
2008ൽ 1040 ഓളം പുതിയ രോഗികൾ എം.സി.സിയെ ആശ്രയിച്ചിരുന്നുവെങ്കിൽ 2019ൽ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. തുടർചികിത്സക്കായി എത്തിയവരുടെ എണ്ണം 77,477 ആയി വർദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സക്കും വിധേയമായിട്ടുണ്ട്. കോവിഡ് കാലമായിട്ടു പോലും 2020ൽ പ്രതിമാസം 7000ത്തോളം രോഗികൾ എത്തുന്നുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാർ കാൻസർ സെന്റർ. എം.സി.സിയിലെ കോവിഡ് ലാബിൽ 61,000ത്തോളം കോവിഡ് പരിശോധനകളാണ് ഈ കാലയളവിൽ നടത്തിയിട്ടുള്ളത്.