Trending Now

ചെറുകിട വ്യവസായികളെ ആദരിച്ചു

 

കോന്നി വാര്‍ത്ത : ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചെറുകിട വ്യവസായികളെ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ആദരിച്ചു. കോവിഡ് 19 നെ വെല്ലുവിളിയായി ജില്ലാ ഭരണകൂടം ഏറ്റെടുത്തപ്പോള്‍ ഒപ്പം നിന്നവരാണ് ചെറുകിട വ്യവസായികളെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ വരും ദിവസങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഫെയ്‌സ് ഷീല്‍ഡ്, ഷൂ കവര്‍, ഏപ്രണ്‍ തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ കുറവ് അനുഭവപ്പെടും എന്നതു മുന്‍കൂട്ടി കണ്ട് സജ്ജമാകാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെറുകിട വ്യവസായികളുടെ പങ്കാളിത്തത്തോടെ സാധനസാമഗ്രികള്‍ നിര്‍മിക്കുകയായിരുന്നു. ലോകമെമ്പാടും ക്ഷാമം വന്നപ്പോഴും പത്തനംതിട്ട ജില്ലയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സാധനസാമാഗികളും ഇവിടെ തന്നെ നിര്‍മിക്കാന്‍ കഴിഞ്ഞെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ചെറുകിട വ്യാപാരി വ്യവസായികളെ ഏകോപിപ്പിച്ച ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരായ ഡി. രാജേന്ദ്രനെയും ജില്ലാ കളക്ടര്‍ ആദരിച്ചു. മൂന്ന് ലക്ഷത്തില്‍ പരം മാസ്‌കും 15000 ല്‍ അധികം പിപിഇ കിറ്റും 40000 ഷൂ കവറും 8000 ഏപ്രണ്‍, 6000 ഗോഗിള്‍സും, 9000 ഫേസ്ഷീല്‍ഡും മറ്റ് സാമഗ്രികളും ജില്ലയില്‍ തന്നെ നിര്‍മിച്ചു. വളരെകുറഞ്ഞ ചിലവില്‍ മികച്ച ഗുണമേന്മയില്‍ എല്ലാ സാധനങ്ങളും ലഭ്യമാക്കാന്‍ ചെറുകിട വ്യവസായികളുടെ പങ്കാളിത്തത്തോടെ ജില്ലാ വ്യവസായ കേന്ദ്രത്തിനു സാധിച്ചു.
എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, സംരംഭകരായ റാന്നി കെ.കെ. എന്റര്‍പ്രൈസസ് പ്രതിനിധി ജോണ്‍ തോമസ്, അടൂര്‍ ലക്ഷ്മി പോളിമെര്‍ ഇന്‍ഡസ്ട്രീസ് പ്രതിനിധി സുനില്‍, കുന്നന്താനം എബിഎസ് കണ്‍ട്രോള്‍സ് പ്രതിനിധി അലക്‌സ്, കുമ്പഴ എസ്എസ്പിയു ഫോംസ് പ്രതിനിധി സന്തോഷ്, ഓതറ നസ്‌റത്ത് കോളജ് ഓഫ് ഫാര്‍മസി പ്രതിനിധി മാനേജര്‍ ഫാ. ജെയിന്‍ കെ. തോമസ്, കോഴഞ്ചേരി സാറാസ് പ്രതിനിധി ഷേര്‍ളി, ആലുവ ജെ.ജെ. ഫാബ്രിക്‌സ് പ്രതിനിധി ജോസ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!