Trending Now

അട്ടച്ചാക്കൽ തരിശു നിലത്തു യുവ കർഷകർ നെൽ കൃഷിയിറക്കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കൽ – കിഴക്കുപുറം ഏലായിലേക്ക് കണ്ണോടിക്കുക . വയല്‍ പണികൾ ചെയ്യുന്ന മൂന്ന് യുവാക്കളെ കാണാം. ഷിജു മോടിയിൽ, റോബിൻ കാരാവള്ളിൽ, ബിനു കെ എസ് എന്നിവരാണ് ഈ യുവ കർഷകർ. സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന പദ്ധതിയിലാണ് നെൽകൃഷി പ്രയോജനപ്പെടുത്തിയത് .

കരസേനയിൽ നിന്നും വിരമിച്ച ഷിജുവിനു പശുവളർത്തൽ, കൃഷി എന്നിവയൊക്കെ ഉണ്ടെങ്കിലും ആദ്യമായാണ് നെൽകൃഷിക്ക് ഇറങ്ങിയത് . 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ റോബിൻ ഇഷ്ടപ്പെട്ട മേഖലകളിലേക്ക് തിരിയുന്നതിന്‍റെ ഭാഗമായാണ് നെൽകൃഷിക്ക് തുടക്കമിട്ടത് . അധ്യാപകനായ ബിനുവിന്‍റെ വർഷങ്ങളായുള്ള ആഗ്രഹത്തിനാണ് ഇക്കുറി വയല്‍ വഴങ്ങി കൊടുത്തത് .

വരമ്പ് വെട്ടും, വെള്ളം നിറക്കലും, നിരപ്പാക്കലും അങ്ങനെ പണികൾ പതിയെ പഠിച്ചു ഇവർ തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് .നെൽകൃഷിരംഗത്തെ മികച്ച കർഷകനായ വാസുവും, ദാനിക്കുട്ടി മോഡിയിലും, വിദ്യാധരൻ സാറും ഒക്കെ നിർദ്ദേശങ്ങളുമായി പിന്തുണ നൽകുന്നു. പുതുതലമുറ നെൽകൃഷിക്കായി മുന്നോട്ട് വന്നതിൽ ഇവർക്കും സന്തോഷം . കോന്നി കൃഷിഓഫീസർ ജ്യോതിലക്ഷ്മിയുടെ നിര്‍ദേശം ലഭിച്ചു .

പാകപ്പെടുത്തിയ വയലില്‍ ഇന്ന് വിത്ത് എറിഞ്ഞു .ഇനി അവ മുള പൊട്ടി നാമ്പുകള്‍ വളര്‍ന്ന് ഇലകള്‍ നിറയുകയും പൂവിടുകയും അതില്‍ കതിര്‍ നിറയുകയും വിളവെത്തി നൂറുമേനി കൊയ്യുമ്പോള്‍ ആണ് ഈ യുവാക്കളുടെ ഗ്രാമത്തില്‍ ഉല്‍സവ പ്രതീതി ഉണ്ടാകുന്നത് . ഇവരുടെ മനസ്സില്‍ നൂറു മേനി കൊയ്തു കഴിഞ്ഞു . ” കൃഷിരീതിയില്‍ മാതൃകയായ ഈ യുവാക്കള്‍ക്ക് ” കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ” ആശംസകള്‍