കോന്നി വാര്‍ത്ത :കോന്നി ഗവ.മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിലെ നിർമ്മാണ വിഭാഗം സാങ്കേതിക സമിതി ചെയർമാനും, സീനിയർ കൺസൾട്ടൻ്റുമാരും സന്ദർശിച്ചു.ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് ഒപ്പമായിരുന്നു സംഘത്തിൻ്റെ സന്ദർശനം.
രണ്ടാം ഘട്ടത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ നിർമ്മാണത്തിന് അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി.തുടർന്ന് മെഡിക്കൽ കോളേജിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗവും ചേർന്നു.
ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടത്തിൽ ഫർണിച്ചറുകൾക്കും, ആശുപത്രി ഉപകരണങ്ങൾക്കുമായി 101.98 കോടിയുടെ എസ്റ്റിമേറ്റാണ് എച്ച്.എൽ.എൽ തയ്യാറാക്കിയത്. കിടത്തി ചികിത്സ തുടങ്ങുന്നതിന് 56.68 കോടിയുടെ ആശുപത്രി ഉപകരണങ്ങളും, ഫർണിച്ചറുകളും അടിയന്തിരമായി ആവശ്യമാണെന്ന് സാങ്കേതിക സമിതി വിലയിരുത്തി.അതിന് സർക്കാരിൽ നിന്നും മുൻഗണന വാങ്ങി പ്രത്യേക അനുമതി നേടി കിഫ്ബിയിൽ നിന്നും പണം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി ഒക്ടോബർ 27 ന് മന്ത്രിയുമായി എം.എൽ.എയും സാങ്കേതിക സമിതിയും ചർച്ച നടത്താൻ തീരുമാനമായി.
ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് മുൻഗണനാ അടിസ്ഥാനത്തിൽ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കിഫ്ബിയെ സമീപിക്കണ്ടത്.
കിടത്തി ചികിത്സ ആരംഭിക്കുന്നതിനാവശ്യമായ തീയേറ്റർ സമുച്ചയം, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, സി.എസ്.എസ്.ഡി, ഐ.സി.യു., അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയ്ക്കാണ് മുൻഗണന നിശ്ചയിച്ച് കിഫ്ബിയോട് പണം ആവശ്യപ്പെടാൻ പോകുന്നത്.
രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉൾപ്പെടാത്തതും, അടിയന്തിരമായി നടപ്പിലാക്കേണ്ടതുമായ ജോലികൾക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പിനെ സമീപിക്കാനും യോഗം തീരുമാനിച്ചു. സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് (എസ്.റ്റി.പി), പ്രധാന കവാടത്തിലെ ഗേറ്റ്, മെഡിക്കൽ കോളേജ് കാമ്പസിലെ റോഡ് നിർമ്മാണം, ഹൈടെൻഷൻ ഇലക്ട്രിസിറ്റി കണക്ഷൻ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടാത്ത അടിയന്തിരമായി നിർമ്മിക്കേണ്ട പ്രവർത്തികൾ.
ഇതിനായി 15 കോടി അഡീഷണൽ ഫണ്ട് വേണമെന്ന് സാങ്കേതിക സമിതി അഭിപ്രായപ്പെട്ടു. ഇതിനായി പദ്ധതി തയ്യാറാക്കി ധനകാര്യ വകുപ്പിൻ്റെ പ്രത്യേക വർക്കിംഗ് ഗ്രൂപ്പിൽ സമർപ്പിക്കണം. ധനകാര്യ വകുപ്പിൻ്റെ അനുമതി വാങ്ങി തുക അടിയന്തിരമായി ലഭ്യമാക്കണമെന്ന് യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നിർമ്മാണ വിഭാഗം സാങ്കേതിക സമിതി ചെയർമാൻ കെ.ശ്രീകണ്ഠൻ നായർ ,സീനിയർ കൺസൾട്ടൻ്റ്മാരായ എം.മോഹൻകുമാർ, എൻ.കൃഷ്ണസ്വാമി, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, എച്ച്.എൽ.എൽ സീനിയർ പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.