
കോന്നി വാര്‍ത്ത :കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിയോജക മണ്ഡലത്തിലെ 8 സർക്കാർ ആശുപത്രികളിലേക്ക് വാങ്ങി നല്‍കുന്ന ആംബുലൻസുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഉത്തരവായി. എം.എൽ.എ ഫണ്ടിൽ നിന്നും 1.14 കോടി രൂപ മുടക്കിയാണ് 8 ആംബുലൻസുകൾ വാങ്ങുന്നത്.
കോന്നി താലൂക്ക് ആശുപത്രിയ്ക്കും, മലയാലപ്പുഴ, വള്ളിക്കോട്, കൂടൽ, പ്രമാടം, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് എം.എൽ.എ ആംബുലൻസ് വാങ്ങി നല്കുന്നത്. തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി. ഫണ്ടിൽ നിന്നും ആംബുലൻസ് ലഭിക്കുമെന്നതിനാൽ എം.എൽ.എ ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കേണ്ടതില്ല എന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു.
സീതത്തോട്ടിൽ രാജ്യസഭാംഗം കെ.കെ.രാഗേഷ് എം.പി. ആംബുലൻസ് അനുവദിച്ചിട്ടുണ്ട്.
ഡ്രൈവറുടെ ശമ്പളം, ആനുവൽ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ, ഇൻഷ്വറൻസ് ,ഫ്യൂവൽ ചിലവ്, മെയിൻ്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകൾ പരിശോധിച്ച ശേഷമാണ് ആംബുലൻസുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.
കൊറോണ ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യങ്ങൾ പരിഗണിച്ച് ആംബുലൻസുകൾ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.