Trending Now

സീതത്തോട്ടില്‍ മെഡിക്കൽ പ്രൊഫഷണൽ  കോളേജ് വരുന്നു

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും സീപാസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തി

കോന്നി വാര്‍ത്ത :കോന്നി നിയോജക  മണ്ഡലത്തിലെ സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ  കോളേജ് അനുവദിക്കാൻ നടപടിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള സെൻ്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് )ആണ് കോളേജ് ആരംഭിക്കുന്നത്.കോളേജ് ആരംഭിക്കുന്നതിനു മുന്നോടിയായി എം.എൽ.എയും സീപാസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തി.

മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി സീതത്തോട്ടിൽ ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്കി ഒരു കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.ഇതേ തുടർന്നാണ് സീപാസ് സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് അനുവദിക്കാൻ തീരുമാനമായത്.
ബി.എസ്.സി കോഴ്സുകളായ നേഴ്സിംഗ്, എം.എൽ.റ്റി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവയുമാണ് ഇവിടെ ആരംഭിക്കുന്ന കോഴ്സുകൾ.

അഞ്ചേക്കർ സ്ഥലമാണ് കോളേജ് നിർമ്മിക്കുന്നതിനാവശ്യമുള്ളത്. കക്കാട് പവർഹൗസിനു സമീപമുള്ള സ്ഥലമാണ് എം.എൽ.എയും, സീപാസ് സംഘവും സന്ദർശിച്ചത്.ഇലക്ട്രിസിറ്റിബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഇവിടുത്തെ സ്ഥലം കോളേജിന് പര്യാപ്തമാണെന് സീപാസ് സംഘം എം.എൽ.എയെ അറിയിച്ചു.
അഡ്മിഷൻ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.എം.ജി.യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ കുട്ടികളിൽ നിന്ന് ഈടാക്കുകയുള്ളു. കോളേജ് പ്രവർത്തനം ആരംഭിച്ച ശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളേജും ഇവിടെ പ്രവർത്തനമാരംഭിക്കും.

കോളേജ് ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ സീതത്തോട് ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കോളേജ് താല്ക്കാലികമായി പ്രവർത്തനം ആരംഭിക്കും. പഞ്ചായത്ത് കെട്ടിടവും എം.എൽ.എയും സീപാസ് സംഘവും സന്ദർശിച്ചു. ഡാം സേഫ്റ്റി സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. ശിവകുമാറുമായും സീപാസ് സംഘം കൂടിക്കാഴ്ച നടത്തി വസ്തുവിൻ്റെ വിശദാംശങ്ങൾ മനസ്സിലാക്കി.
സീതത്തോട്ടിലെ വിദ്യാർത്ഥികൾ ആരോഗ്യമേഖലയിലെ നേഴ്സിംഗ് ഉൾപ്പടെയുള്ള വിവിധ കോഴ്സുകൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. സീതത്തോട്ടിൽ മെഡിക്കൽ പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്ന ഒരു കോളേജ് ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കോന്നി ഗവ.മെഡിക്കൽ കോളേജിന് അനുബന്ധമായി ഗവ. നേഴ്സിംഗ് കോളേജും പ്രവർത്തനമാരംഭിക്കുന്നുണ്ട്.ഇതോടെ രണ്ട് നേഴ്സിംഗ് കോളേജുകളുള്ള മണ്ഡലമായി കോന്നി മാറുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയെ കൂടാതെ സീപാസ് ഡയറക്ടർ ഡോ.പി.കെ.പത്മകുമാർ, ജോ. ഡയറക്ടർ ഡോ: ടി.പി.ജയചന്ദ്രൻ ,ഗവേണിംഗ് കമ്മറ്റി അംഗം ഡോ:അബ്ദുൾ വഹാബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.പ്രമോദ് തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.

error: Content is protected !!