Trending Now

മൈലാടുംപാറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; നവീകരണത്തിന് 31 ലക്ഷം രൂപ അനുവദിച്ചു

 

കോന്നി വാര്‍ത്ത : പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ മൈലാടുംപാറ പ്രദേശത്തെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ ഇടാനും പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുവാനുമായി 31,30,000 രൂപ അനുവദിച്ചു. വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
മൈലാടുംപാറ വളവുങ്കല്‍ – കോട്ട മുക്ക് വരെ ഉള്ള ഭാഗത്തെ ഇരുവശത്തുമായുള്ള ഒന്നര കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് മാറ്റി പുതിയവ ഇടുന്നത്. കാലപ്പഴക്കം ചെന്ന പഴയ പൈപ്പുകള്‍ മിക്ക ദിവസങ്ങളിലും പൊട്ടുന്നത് മൂലം റോഡിന്റെ ടാറ് ഇളകുന്നത് പതിവാണ്. മലയാലപ്പുഴ ക്ഷേത്രം, മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാത ആണ് ഈ റോഡ്. കുമ്പഴ ജംഗ്ഷന്‍ മുതല്‍ മലയാലപ്പുഴ വരെ നാലു കോടി രൂപ ചിലവില്‍ ഉന്നത നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിന് മുന്നോടിയായാണ് പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നത്.
നിലവിലുള്ള വളവുങ്കല്‍ വാട്ടര്‍ ടാങ്കിന്റെ, വാല്‍വിന്റെ തകരാറുകള്‍ പരിഹരിച്ചു പുതിയ ലാഡര്‍ സ്ഥാപിക്കുന്നതും, പെയിന്റിംഗ് ജോലികള്‍ ഉള്‍പ്പെടെ ഉള്ള അറ്റകുറ്റപണികള്‍ നടത്തി ടാങ്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും. 60 എച്ച്പി പമ്പ്‌സെറ്റും, ഉന്നത നിലവാരമുള്ള പിവിസി പൈപ്പുകളും ആണ് സ്ഥാപിക്കുന്നത്. നിരന്തരമായുള്ള പൈപ്പ് പൊട്ടല്‍ മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരവും ആകും. ജലവിതരണം വേഗത്തില്‍ ആക്കുന്നത് വഴി സമീപ വാര്‍ഡുകളിലെ ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മൈലാടുംപാറ പ്രദേശത്തെ ജലക്ഷാമ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആകുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.