Trending Now

പരുമല പള്ളി പദയാത്ര പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാമത് ഓര്‍മ പെരുനാളിനോട് അനുബന്ധിച്ച പദയാത്ര കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനമായി. തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെയും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ പരുമല പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പെരുനാളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി 50 ആയി നിജപ്പെടുത്തും. ജനപങ്കാളിത്തം പരിമിതപ്പെടുത്തിയത് സംബന്ധിച്ച് അനൗണ്‍സ്്‌മെന്റ് നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തും.

പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോര കച്ചവടം, വ്യാപാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി. പള്ളിയുടെ പരിസരത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും തിരുവല്ല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കടപ്ര, പാണ്ടനാട്, മാന്നാര്‍ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയുള്ള സെക്ടര്‍ മജിസ്‌ട്രേട്ടുമാര്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നിരീക്ഷണം നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു.

പള്ളി പരിസരത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കോവിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താന്‍ പരുമല പള്ളി അധികൃതരെ ചുമതലപ്പെടുത്തി.

പെരുനാളുമായി ബന്ധപ്പെട്ട് ഈമാസം 26 മുതല്‍ നവംബര്‍ രണ്ടുവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് തിരുവല്ല സബ്കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി. ഉപയോഗശേഷം ജനങ്ങള്‍ മാസ്‌ക്ക്, കൈയുറകള്‍ തുടങ്ങിയവ വലിച്ചെറിയാതെ സൂക്ഷിക്കുന്നതിന് വേസ്റ്റ് ബിന്‍ സജ്ജമാക്കുകയും നിര്‍മാര്‍ജനം ചെയ്യുകയും വേണം.

error: Content is protected !!