Trending Now

ശബരിമല ദര്‍ശനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

തുലമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ നിയന്ത്രണങ്ങളോടെയാകും ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. ഒരു പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആവശ്യത്തിന് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിര്‍ച്വല്‍ ക്യു സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്.ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്തര്‍ ഹാജരാക്കണം.മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം.

10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുള്ളത്.വിര്‍ച്വല്‍ ക്യുവിലൂടെ ബുക്കിംഗ് നടത്തുമ്പോള്‍ ദര്‍ശനത്തിന് തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഈ സമയത്തുതന്നെ ഭക്തര്‍ ദര്‍ശനത്തിനായി എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും അവ യഥാവിധി ഉപയോഗിക്കുകയും വേണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിന് എത്താവൂ.
വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
മലകയറുമ്പോഴും ദര്‍ശന സമയത്തും പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളിലേക്കുള്ള പരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിയമനം ഇന്നു പൂര്‍ത്തീകരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ നദിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

error: Content is protected !!