കോന്നി വാര്‍ത്ത : അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡ് നിര്‍മ്മാണത്തിന് 1.45 കോടി രൂപ കൂടി അധിക തുകയായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ആദ്യഘട്ടത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.62 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഈ തുകയില്‍ റോഡ് സേഫ്റ്റി വര്‍ക്കുകളും ഡ്രെയിനേജ് വര്‍ക്കുകളും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനായാണ് അധികതുക കിഫ്ബിയില്‍ നിന്നും അനുവദിച്ചത്.
13 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 5.5 മീറ്റര്‍ വീതിയില്‍ ബി.എം.ആന്റ് ബി.സി ടാറിംഗ് നടത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോന്നി, മലയാലപ്പുഴ, വടശ്ശേരിക്കര എന്നീ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
കോന്നിയിലേയും മലയാലപ്പുഴയിലേയും മലയോര മേഖലയിലെ ജനങ്ങളും തോട്ടം തൊഴിലാളികളും പ്രധാനമായും ഉപയോഗിക്കുന്ന റോഡാണിത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വടശേരിക്കരയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനുള്ള പ്രധാന പാതയുമാണിത്. റോഡ് ടാറിംഗ് പൂര്‍ത്തീകരിച്ചു എങ്കിലും സേഫ്റ്റി വര്‍ക്കുകളും ഡ്രെയിനേജ് വര്‍ക്കുകളും ചെയ്യാന്‍ അനുവദിച്ച തുക തികയുമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് എം.എല്‍.എ കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
അധികമായി അനുവദിച്ച തുക ഉപയോഗിച്ച് സൈന്‍ ബോര്‍ഡ്, അപകടകരമായ സ്ഥലങ്ങളില്‍ ക്രാഷ് ബാരിയര്‍, ഡ്രെയിനേജ് സൗകര്യം, ഐറിഷ് ഓട തുടങ്ങിയവയാണു നിര്‍മ്മിക്കുക. കരാറുകാര്‍ സപ്‌ളിമെന്ററി എഗ്രിമെന്റ് വച്ച് ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.