കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (ഒക്ടോബര്‍ 15) വൈകുന്നേരം നാലിന് റിസര്‍വോയറിന്റെ ജലനിരപ്പ് 983.35 മീറ്ററില്‍ എത്തിയിട്ടുണ്ട്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥാ പ്രവചന പ്രകാരം വൃഷ്ടി പ്രദേശത്ത് മഴ തുടരുമെന്നതിനാലും, ഇന്ന് (ഒക്ടോബര്‍ 15) രാത്രി എട്ടിന് റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യതയുള്ളതിനാലും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഇന്ന് (ഒക്ടോബര്‍ 15) രാത്രി എട്ടു മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം ഒക്ടോബര്‍ 16ന് രാവിലെ എട്ടിനു ശേഷം തുറന്നുവിടുന്നതുമായിരിക്കും.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.