കോന്നി വാര്‍ത്ത : ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിമാത്രമേ പ്രവേശനം അനുവദിക്കൂ. എല്ലാ തീര്‍ത്ഥാടകരും 48 മണിക്കൂറിനുള്ളില്‍ എടുത്ത ഐ സി എം ആര്‍ അംഗീകാരമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കേണ്ടതും നിലയ്ക്കലില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകേണ്ടതുമാണ്. അതിനുശേഷം മാത്രമേ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് യാത്ര അനുവദിക്കൂ.
സന്നിധാനത്തില്‍ തങ്ങാനോ വിരിവയ്ക്കാനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ തിരിച്ചുപോകേണ്ടതാണ്. പമ്പാ സ്‌നാനം നിരോധിച്ചിട്ടുണ്ടെന്നും ആവശ്യക്കാര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഷവര്‍ ബാത്ത് ക്രമീകരിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ചെറുവാഹനങ്ങള്‍ക്ക് പമ്പവരെ യാത്ര അനുവദിക്കും. അയ്യപ്പഭക്തരെ ഇറക്കിയശേഷം തിരിച്ചു നിലയ്ക്കലെത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു പാസ് ലഭ്യമാക്കാതെ വരുന്ന വാഹനങ്ങളെ കടത്തിവിടില്ല.
നിലയ്ക്കല്‍, ആങ്ങമൂഴി, ളാഹ, കണമല തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ പോലീസ് പരിശോധന ഏര്‍പ്പെടുത്തുമെന്നും അയ്യപ്പഭക്തര്‍ കോവിഡ്-19 നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ എല്ലാവിധ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങളും, നിബന്ധനകളും അനുസരിക്കേണ്ടതാണ് എന്നുതുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കോവിഡ്-19 ഉയര്‍ത്തിയ ഭീഷണികളും പ്രതികൂല സാഹചര്യങ്ങളും നേരിട്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു ഇത്തവണത്തെ തീര്‍ത്ഥാടനം വിജയകരമാക്കാന്‍ ജില്ലാപോലീസ് പൂര്‍ണസജ്ജമായി പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകര്‍ പോലീസ്, ആരോഗ്യം, റവന്യു തുടങ്ങിയ വിവിധ വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും, തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതിനു സഹകരിക്കണമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു. പോലീസുദ്യോഗസ്ഥര്‍ക്കു ആവശ്യമായ എല്ലാനിര്‍ദേശങ്ങളും നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.