കോവിഡ്: നിരോധനാജ്ഞ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പോലീസ് കടുത്ത നടപടി സ്വീകരിക്കും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കടുത്ത ആശങ്കയുണര്‍ത്തുംവിധം കോവിഡ് രോഗബാധ പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിക്കപ്പെടാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.

അനുവദിക്കപ്പെട്ട സാഹചര്യങ്ങളില്‍ അല്ലാതെ ആളുകള്‍ ഒത്തുകൂടുന്നത് കര്‍ശനമായി തടയും. പോലീസ് പരിശോധന ഊര്‍ജിതമാക്കും. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ സാധാരണഗതിയില്‍ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകള്‍ക്കും, വിവാഹങ്ങള്‍ക്കും അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഓഫീസുകളില്‍ പോകുന്നതിനും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതിനും തടസമില്ല. സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുകയും വേണം. കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാം. പക്ഷേ, കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പാക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
കോവിഡ് കേസുകളുടെ ദ്രുതവ്യാപനം തടയാനുള്ള നടപടികള്‍ മറ്റു വകുപ്പുകള്‍ക്കൊപ്പം ചേര്‍ന്നു ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലയിലെ യാത്രകള്‍ തടയും, ആശുപത്രി പോലുള്ള അടിയന്തിര യാത്രകള്‍ മാത്രമേ അനുവദിക്കൂ. തൊഴിലിടങ്ങളിലും വ്യവസായശാലകളിലും കോവിഡ് നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കും. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നിയമനടപടി തുടരും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തണം. സാനിറ്റൈസറോ ഹാന്‍ഡ്‌വാഷോ കടയുടമ ലഭ്യമാക്കണം. സാധനങ്ങള്‍ തൊട്ടുനോക്കുന്ന കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ചുമാത്രമേ ഉള്ളില്‍ കടക്കാവൂ. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത കടയുടമകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. ജാഗ്രതയോടെയും കരുതലോടെയും ആളുകള്‍ പ്രവര്‍ത്തിക്കണമെന്നും, ലാഘവ മനസ്ഥിതി ഒഴിവാക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
നിരോധനാജ്ഞ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ കര്‍ശന പരിശോധനയും, ശക്തമായ നിരീക്ഷണവും പട്രോളിങ്ങും നടത്താന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

error: Content is protected !!