കോന്നി: കോന്നി ഗവ മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്ടോബർ മാസത്തിൽ ചേരുന്ന കിഫ്ബി ബോര്‍ഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
കിഫ്ബി ബോർഡിൽ സമർപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും. രണ്ടാം ഘട്ട അനുമതി ലഭിച്ചാൽ മാത്രമേ കിടത്തി ചികിത്സ ആരംഭിക്കാൻ കഴിയുകയുള്ളു. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാം ഘട്ട പദ്ധതിയിലൂടെ അനുവദിക്കേണ്ടതുണ്ട്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കാനുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തിയതായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ റംലാബീബി യോഗത്തിൽ പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്. അനുമതി ലഭ്യമായാൽ അടുത്ത അദ്ധ്യയന വർഷം ക്ലാസ് ആരംഭിക്കാൻ കഴിയും.
രണ്ടാം ഘട്ട പദ്ധതിയിൽ 250 കോടിയോളം രൂപ സിവിൽ വർക്കുകൾക്കായാണ് മാറ്റി വച്ചിരിക്കുന്നത്.200 കിടക്കകളുള്ള 6 നില ആശുപത്രി കെട്ടിടം, 11 നിലകളുള്ള ക്വാർട്ടേഴ്സ് ഫ്ലാറ്റ്, 6 നില പെൺകുട്ടികളുടെ ഹോസ്റ്റൽ, 5 നില ആൺകുട്ടികളുടെ ഹോസ്റ്റൽ, 2 നില അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലോൺട്രി, മോർച്ചറി, ഓഡിറ്റോറിയം, ക്യാമ്പസിനുള്ളിലെ റോഡുകൾ തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ആശുപത്രി കെട്ടിടം കൂടി നിർമ്മിക്കുന്നതോടെ 500 കിടക്കകളുള്ള മെഡിക്കൽ കോളേജായി കോന്നി മാറും.മെഡിക്കൽ കോളേജിലേക്കുള്ള റോഡുകൾ നിർമ്മിക്കാൻ വസ്തു ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കാൻ ഗവൺമെൻ്റിൽ ഇടപെടാനും തീരുമാനമായി.
മെഡിക്കൽ കോളേജിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്താൻ ഡി.എം.ഇയെ മന്ത്രി ചുമതലപ്പെടുത്തി.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ.റംലാബീവി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.