കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായി റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. റിസര് വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്.
കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (സെപ്റ്റംബര്‍ 23) വൈകിട്ട് നാലു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 976.25 മീറ്ററില്‍ എത്തി.
റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍, ഇന്ന് (സെപ്റ്റംബര്‍ 23) രാത്രി 12 മണിയോടു കൂടി റിസര്‍വോയറിലെ ജലനിരപ്പ് 976.41 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യത ഉള്ളതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും (സെപ്റ്റംബര്‍ 24) രാവിലെ എട്ടു മണിക്ക് ശേഷം നിയന്ത്രിത അളവില്‍ ജലം തുറന്നുവിടും. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.