Trending Now

പ്രമാടം കുടിവെള്ള പദ്ധതി: പൈപ്പ് ലൈന്‍ നവീകരണ നിര്‍മ്മാണോദ്ഘാടനം

 

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 400 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ മുടക്കി പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നവീകരണം നടത്തുന്ന പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കത്താല്‍ പൈപ്പ് പൊട്ടി ജലവിതരണം നിരന്തരം മുടങ്ങിയിരുന്ന പ്രമാടം ശുദ്ധജല പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണം അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചതോടെ മൂവായിരം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണു പരിഹാരമാകുന്നത്. പൈപ്പ് പൊട്ടി ആഴ്ചകളോളം കുടി വെള്ളം മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നതു ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി പദ്ധതിയിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ല. പൈപ്പുകളുടെ തുടര്‍ച്ചയായ തകരാറുകള്‍ കാരണം പഞ്ചായത്തിലെ 9 വാര്‍ഡുകളിലായി മൂവായിരത്തിലധികം കുടുംബങ്ങള്‍ കുടിവെള്ള ലഭിക്കാതെ ദുരിതത്തിലായിരുന്നു. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയിലെ പഴയ പമ്പിങ് മെയിന്‍ ലൈനില്‍ ആസ്ബസ്റ്റോസ് സിമന്റ് പൈപ്പുകളായിരുന്നു നിലവിലുള്ളത്. ഇതുമാറ്റി പുതിയ ഗാല്‍വനൈസ്ഡ് അയണ്‍ (ജി.ഐ) പൈപ്പുകള്‍ സ്ഥാപിച്ചു നവീകരിക്കുന്നതാണു പുതിയ പദ്ധതി.
പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതോടെ ജല വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. എത്രയും വേഗത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമ പഞ്ചായത്തംഗം കെ.എം മോഹനന്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ എം.അനീഷ് കുമാര്‍, ബി.രാജേന്ദ്രന്‍ പിള്ള, ഗിരീഷ് കളഭം തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.ആര്‍ ജയന്‍ സ്വാഗതവും വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍ കെ.ഐ നിസര്‍ നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!