മാരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്.
മൂന്നു നിലകളിലായി 8460 ച.അടി അളവിലായി 8 ക്ലാസ്സ് റൂമുകളും ഡൈനിങ് ഹാളും ലാബും സെമിനാര്‍ ഹാളും എല്ലാ നിലകളിലും ടോയ്ലറ്റുകളുമാണ് പുതിയതായി നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ മൂന്നു നിലകളായാണ് കിഫ്ബി യില്‍ നിന്നും അനുവദിച്ച മൂന്നു കോടി രൂപ കൊണ്ട് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മാണ ചുമതല ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കേരള ലിമിറ്റഡിനു (INKEL) ആണ്. നിര്‍മ്മാണ കരാര്‍ റാന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോറ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന സ്ഥാപനത്തിനാണ്.
ഒന്‍പതു മാസമാണ് നിര്‍മ്മാണ കരാറിന്റെ കാലാവധി. കാലാവധിക്കുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുള്ള നിലവാരത്തില്‍ തന്നെ നിര്‍മ്മാണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും എം.എല്‍.എ നിര്‍ദ്ദേശം നല്കി.
മൂന്നു കോടിയുടെ കിഫ്ബി നിര്‍മ്മാണം നടക്കുന്നതോടെ മാരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം തയ്യാറാകും. ഘട്ടംഘട്ടമായി കോന്നിയിലെ എല്ലാ സര്‍ക്കാര്‍ വദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ പറഞ്ഞു. കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശിലാ സ്ഥാപന ചടങ്ങ് നടത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.ബി രാജീവ് കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജഗോപാല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.ദീപ, ഷീജ സുധാകരന്‍, ആര്‍.അശോക് കുമാര്‍, പി.ടി.എ പ്രസിഡന്റ് മിനി പ്രസാദ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, പത്തനംതിട്ട ഡിഡിഇ പി.കെ ഹരിദാസ്, ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ടി.അനില്‍ കുമാര്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ എം.ബി വിശ്വനാഥന്‍, ഡി.ബിനോയ്, ടി. സുധാകരന്‍, നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.