കോന്നി ഗവ.മെഡിക്കല്‍ കോളജിലെ ഡീസല്‍ ജനറേറ്റര്‍ സെറ്റിന്റെ കമ്മീഷനിംഗ് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 750 കിലോവാട്സ് ശേഷി വീതമുള്ള രണ്ട് ജനറേറ്ററാണ് കമ്മീഷന്‍ ചെയ്തത്. ഗുജറാത്ത് ആസ്ഥാനമായുള്ള കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍ ലിമിറ്റഡാണ് ജനറേറ്റര്‍ സ്ഥാപിച്ചത്. 1.46 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ജനറേറ്റര്‍ സൗണ്ട് 75 ഡെസിബലില്‍ താഴെയായതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കുകയില്ല. ജനറേറ്ററില്‍ ഒന്ന് തനതായോ, രണ്ടും ഒന്നിച്ചോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 5,50,000 ചതുരശ്ര അടി സ്ഥലത്തെ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ് വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും ഈ ജനറേറ്റര്‍ മതിയാകും. രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിനും പര്യാപ്തമായ നിലയിലാണ് ജനറേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. ടാങ്ക് കപ്പാസിറ്റി 990 ലിറ്റര്‍ ഡീസലാണ്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 120 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്.
ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമായതോടെ മെഡിക്കല്‍ കോളജില്‍ ഒരു ഘട്ടത്തിലും വൈദ്യുത തടസമുണ്ടാകുകയില്ലെന്ന് എംഎല്‍എ പറഞ്ഞു. എച്ച്റ്റി, എല്‍റ്റി കണക്ഷനുകളിലൂടെ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളും ജനറേറ്ററിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് എംഎല്‍എ പറഞ്ഞു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജോയ് തോമസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത്കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്റ്റ് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.