പത്തനംതിട്ട ജില്ലയിലെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് 19 രോഗബാധിതര്‍ക്ക് വരും ദിവസങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലും ചികിത്സയില്‍ കഴിയാമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് രോഗബാധിതര്‍ക്ക് മാനദണ്ഡങ്ങളോടു കൂടി വീടുകളില്‍ ചികിത്സയില്‍ കഴിയാം എന്ന തീരുമാനം നടപ്പാക്കുന്നത്. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇതോടൊപ്പം ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ മറ്റു ചികിത്സകള്‍ക്കായി എത്തുന്ന രോഗികളുടെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി കെ രാജു പറഞ്ഞു.
കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആളുകള്‍ വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയാമെന്ന് താത്പര്യം പ്രകടിപ്പിക്കുകയും വീടുകളില്‍ അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുകയുമാണെങ്കില്‍ അവര്‍ക്ക് വീടുകളില്‍ ചികിത്സയില്‍ കഴിയാവുന്നതാണ്. അറുപത് വയസില്‍ താഴെ പ്രായമുള്ളതും മറ്റു രോഗങ്ങള്‍ ഇല്ലാത്തതുമായ ആളുകള്‍ക്കാണ് വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ അനുമതിയുള്ളത്. വീടുകളില്‍ കഴിയണമെങ്കില്‍ അറ്റാച്ച്ഡ് ബാത്ത്റൂം, ചികിത്സാ സഹായത്തിനായി പൂര്‍ണ ആരോഗ്യമുള്ള ഒരു വ്യക്തി, വീടുകളിലേക്ക് ഗതാഗത സൗകര്യം എന്നിവ ഉണ്ടായിരിക്കണം. വീടുകളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീട്ടില്‍ ഉണ്ടാകാന്‍ പാടില്ല. ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പായും പാലിക്കുകയും വേണം. ഇവര്‍ക്കു വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പും മറ്റു സഹായങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തും.
കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയാമെന്ന തീരുമാനം ഉചിതമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്
അഡ്വ. മാത്യു.ടി തോമസ് എംഎല്‍എ പറഞ്ഞു.
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരെ അടിയന്തര ഘട്ടത്തില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി മതിയായ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.
വീടുകളില്‍ ആളുകള്‍ ചികിത്സയില്‍ കഴിയാന്‍ തുടങ്ങുന്നതിനു മുമ്പായി ജനങ്ങള്‍ക്ക് ഇതേക്കുറിച്ചുള്ള പൊതുബോധം രൂപപ്പെടുത്തി നല്‍കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന ആളുകള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അന്വേഷിക്കുകയും രോഗികളെ നിരീക്ഷിക്കുകയും വേണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
വീടുകളില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയും ജനങ്ങള്‍ക്ക് ഇതേ കുറിച്ചുള്ള ബോധവത്കരണം നല്‍കുകയും വേണമെന്ന് ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, എഡിഎം അലക്സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.